കാട്ടാക്കട: കള്ളിക്കാട് പ്രദേശത്തെ ജനങ്ങളെ അദ്ധ്യാത്മികമായും സേവനത്തിലൂടെയും ഉന്നതിയിലെത്തിച്ച സ്വാമിയാണ് ചിന്താലയേശനെന്ന ചിന്താലയ ആശ്രമ ട്രസ്റ്റിന്റെ അധിപതി അപ്പുക്കുട്ടൻ സ്വാമികൾ. 1962- 63 കാലത്ത് ഇരുപത്തിയെട്ടാം വയസിൽ 'ചവിട്ട് ചാണ'യുമായി കോലിയക്കോട് നിന്നെത്തി അമ്പൂരി - കള്ളിക്കാട് ഭാഗങ്ങളിൽ കറങ്ങി നടന്ന് ഇരുമ്പ് പണിയായുധങ്ങൾ രാകി നൽകുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ജോലി.
ഇരുമ്പ് പണിക്കായി ഷൊർലക്കോട് പാതയിൽ തേവൻകോട് 1968ൽ സ്ഥാപിച്ച ആലയും പ്രാർത്ഥനയ്ക്ക് ഒരുക്കിയ ആശ്രമവുമാണ് 1983 ജൂൺ 16ന് കള്ളിക്കാട് അദ്ധ്യാത്മ ചിന്താലയം ആശ്രമമായി മാറിയതെന്ന് കൂനൂർ സ്വദേശിയും സാഹിത്യകാരനും ചിന്താലയ ആശ്രമ ട്രസ്റ്റിയുമായിരുന്ന എസ്. ജയശങ്കർ തയാറാക്കിയ 'ശ്രീമദ് ചിന്താലയേശ കഥാമൃതം'എന്ന പുസ്തകത്തിൽ പറയുന്നു.
പാവപ്പെട്ടവരെ സഹായിക്കാൻ എന്നും മുന്നിലായിരുന്നു അദ്ദേഹം. വലിയൊരു ശിഷ്യസമൂഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ക്രമേണ പ്രവർത്തന കേന്ദ്രം കോലിയക്കോടേക്ക് മാറ്റി. ആശ്രമത്തോടൊപ്പം 'അന്നം ഈശ്വരനാണ്' എന്ന തത്വത്തിൽ ഊന്നി സ്വാമി ഒരു ക്ഷേത്രവും സൗജന്യ സേവനത്തിനായി വിവാഹ മണ്ഡപവും സ്ഥാപിച്ചു.
അദ്ധ്യാത്മ ചിന്താലയം ആശ്രമത്തിന്റെ ചുമതലയിൽ ആശ്രമത്തിന്റെ ചുറ്റുമുള്ള ഏഴ് പഞ്ചായത്തുകളിലെ സാധാരണക്കാർക്ക് വേണ്ടി ഒരു ശ്മശാനവും 2010 ൽ പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2003 ൽ ആരംഭിച്ചതാണ് ചിന്താലയ വിദ്യാലയം. ഇതോടൊപ്പം ട്രസ്റ്റിന് കീഴിൽ നാല് ഏക്കർ സ്ഥലത്ത് ഗുരുകുലം ഗാർഡൻസിൽ കൃഷിയും നടത്തുന്നുണ്ട്. ദേവൻകോട് സ്വാമി ഉപയോഗിച്ചിരുന്ന ആല ഇപ്പോഴും അതേപടി സംരക്ഷിക്കുന്നുണ്ട്. ചിന്താലയ ആശ്രമ ട്രസ്റ്റിനാണ് എല്ലാ നിയന്ത്രണങ്ങളും.
ക്യാപ്ഷൻ: ആലയിൽ സ്വാമിയുടെ കള്ളിക്കാട് ദേവൻകോട് ആശ്രമം