തിരുവനന്തപുരം: നന്തൻകോട് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. മനോജ്കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെയാണ് കഴിഞ്ഞ ദിവസം വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മ്യൂസിയം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
രഞ്ജുവും മകൾ അമൃതയും ചേർന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഞങ്ങളും പോകുന്നു എന്ന് എഴുതിയിട്ടുണ്ട്. ഇതിന് പുറമേ ആരുടെയെല്ലാം ആഭരണങ്ങൾ പണയംവച്ചിട്ടുണ്ടെന്നും അത് എടുത്ത് നൽകണമെന്നും കുറിപ്പിലുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ആഭരണങ്ങൾ പണയംവച്ചതിന്റെ രേഖകളും ലഭിച്ചു. മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നും പൊലീസ് പറഞ്ഞു. സയനൈഡാണ് കഴിച്ചതെന്നാണ് നിഗമനം. രാസപരിശോധന ഫലം ലഭിച്ചാലേ ഇക്കാര്യം വ്യക്തമാകൂ.
സാമ്പത്തിക ബാദ്ധ്യതയും പണയംവച്ച ആഭരണങ്ങൾ തിരികെ എടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആഭരണ തൊഴിലാളിയായിരുന്നു മനോജ്. ലോക്ക് ഡൗണിനെ തുടർന്ന് ജ്വല്ലറികൾ അടച്ചതോടെ ജോലി കുറയുകയും പ്രതിസന്ധിയിലാവുകയും ചെയ്തു.