ആറ്റിങ്ങൽ: നഗരസഭ കൗൺസിലറെ ആറ്റിങ്ങൽ ജൂനിയർ എസ്.ഐ മർദ്ദിച്ചെന്ന് പരാതി. 19-ാം വാർഡ് സി.പി.എം കൗൺസിലർ നിതിനാണ് മർദ്ദനമേറ്റത്. നിതിൻ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത് ഇറക്കാനെത്തിയ കൗൺസിലറെ പ്രകോപിതനായി എസ്.ഐ ജ്യോതിഷ് ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം വിളിച്ചെന്നും കൗൺസിലറാണെന്ന് പറഞ്ഞപ്പോൾ മർദ്ദിച്ചെന്നുമാണ് പരാതി. എസ്.ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളും പ്രവർത്തകരും സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.