വിതുര: കൊവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും പൊലീസും കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആദിവാസി മേഖലയിൽ കൊവിഡ് ഇതുവരെ പിടിവിട്ടിട്ടില്ല. വിതുര പഞ്ചായത്തിലെ പേപ്പാറ, പൊടിയക്കാല ആദിവാസികോളനിയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇവിടെ മൂന്ന് ദിവസത്തിനിടെ 42 പേർക്കുകൂടി രോഗം പിടികൂടി.
പേപ്പാറ ഡാമിനായി കുടിയിറക്കപ്പെട്ട അമ്പതിൽപരം കുടുംബങ്ങളാണ് പേപ്പാറ വാർഡിന്റെ പരിധിയിലുള്ള പൊടിയക്കാലയിൽ താമസിക്കുന്നത്. ഇവിടെ ഭൂരിഭാഗം കുടുംബങ്ങളിലും കൊവിഡ് പിടിമുറുക്കി കഴിഞ്ഞു. രോഗവ്യാപനം രൂക്ഷമായതോടെ ഇവിടുത്തെ ആദിവാസികളുടെ ജീവിതം ദുരിതപൂർണമായി മാറിയിരിക്കുകയാണ്. നേരത്തേ പഞ്ചായത്തിലെ മരുതാമല വാർഡിലെ ചാത്തൻകോട്, ചെമ്മാംകാല ആദിവാസിമേഖലയിലും മണലി, പൊന്നാംചുണ്ട് വാർഡുകളിലെ ആദിവാസി മേഖലയിലും നൂറിൽ പരം പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. നിരവധി ആദിവാസികൾ മരണപ്പെടുകയും ചെയ്തു. ബോണക്കാട്, പൊൻമുടി തോട്ടം മേഖലയിലും കൊവിഡ് പടർന്നു. അനവധി തൊഴിലാളികൾക്ക് കൊവിഡ് പിടികൂടി. എന്നാൽ വിതുര പഞ്ചായത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ കൊവിഡ് വ്യാപനത്തിന് തടയിടാൻ കഴിഞ്ഞു. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ ആദിവാസി മേഖലയിലും കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഇവിടെ രോഗം ബാധിച്ച് മൂന്ന് ആദിവാസികൾ മരണപ്പെടുകയും ചെയ്തിരുന്നു.
പഞ്ചായത്തിലെ ആനപ്പാറ വാർഡിലും കഴിഞ്ഞ ആഴ്ച കൊവിഡ് ശക്തമായിരുന്നു. നേരത്തേ 140 പേർക്ക് വരെ കൊവിഡ് പിടികൂടി. കർശനനിയന്ത്രണങ്ങളും പ്രതിരോധപ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതോടെ കൊവിഡ് കുറഞ്ഞു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും രോഗം കൂടി. 41 പേർക്ക് വീണ്ടും കൊവിഡ് പിടികൂടി. വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗം കുറഞ്ഞുതുടങ്ങി. നിലവിൽ വാർഡിൽ 25 പേരാണ് ചികിത്സയിലുള്ളത്.
പഞ്ചായത്തിൽ ചികിത്സയിലുള്ളത് .......141പേർ
പേപ്പാറ, ആനപ്പാറ വാർഡുകളിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്.
രണ്ടാം തരംഗത്തിൽ വിതുര പഞ്ചായത്തിൽ എണ്ണൂറിൽപ്പരം പേർക്ക് കൊവിഡ് പിടികൂടി, 20 പേർ മരിച്ചു
ഇതോടെ പഞ്ചായത്തിലെ 17 വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു
ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗം ഗണ്യമായി കുറഞ്ഞു.
പത്ത് ദിവസം മുൻപ് വരെ 35 പേർക്ക് മാത്രമാണ് രോഗം ഉണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണം 141 ആയി ഉയർന്നത്.
പഞ്ചായത്തിൽ ഇപ്പോഴും കർശനനിയന്ത്രണങ്ങൾ തുടരുകയാണ്. തൊളിക്കോട് പഞ്ചായത്തിൽ 55 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
സഞ്ചാരികൾക്ക് നിയന്ത്രണം
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും പേപ്പാറ, പൊടിയക്കാല മേഖലയിൽ ഇപ്പോഴും അനവധി യുവസംഘങ്ങൾ ബൈക്കുകളിൽ എത്തുന്നുണ്ട്. ഇത് രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കും. വനത്തിൽ തമ്പടിച്ച് ആദിവാസി സ്ത്രീകളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധനകൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും വിതുര സി.ഐ വിപിൻഗോപിനാഥും എസ്.ഐ അനീസും അറിയിച്ചു.
കൂടുതൽ പരിശോധകൾ നടത്തും
കൊവിഡ് വ്യാപനം അതിരൂക്ഷമായ പേപ്പാറ വാർഡിലെ പൊടിയക്കാല ആദിവാസിമേഖലയിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ മുഴുവൻ പേരേയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. മെഡിക്കൽക്യാംപ് സംഘടിപ്പിച്ച് ബോധവത്കരണ ക്ലാസും നൽകും.
ഡോ. ശശി
മെഡിക്കൽ ഓഫീസർ
വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി