friends

കാഞ്ഞങ്ങാട്: മുഹമ്മദ് റഷാദും അശ്വിൻ പ്രസാദും കാൽനടയായി സഞ്ചരിച്ചത് 1022 കിലോമീറ്റർ. ഇതിനുള്ളിൽ അവരെത്തിയതാകട്ടെ കേരളം വിട്ട് കന്യാകുമാരിയിലും. പണമില്ലാതെയും യാത്ര ചെയ്യാമെന്ന വലിയ ദൗത്യമാണ് രണ്ട് യുവാക്കൾ പൂർത്തിയാക്കി മടങ്ങിയത്. പാണത്തൂർ സ്വദേശിയാണ് അശ്വിൻ പ്രസാദ്. പി.എച്ച്. മുഹമ്മദ് റംഷാദ് പരപ്പ കമ്മാടംകാരനാണ്. ചുട്ടുപൊള്ളുന്ന വേനലും കോരിച്ചൊരിയുന്ന മഴയും അതിലുപരി ലോക്ക് ഡൗണിലെ ദുരിതവും താണ്ടിയാണ് ഇരുവരും കന്യാകുമാരിയിലെത്തിയത്.

14 ജില്ലകളും ഇതിനകം സന്ദർശിച്ചാണ് തലസ്ഥാനത്ത് നിന്ന് കന്യാകുമാരിയിലേക്കെത്തിയത്. നിയന്ത്രണങ്ങളുള്ളതിനാൽ വിവേകാനന്ദ പാറയുടെ മനോഹാരിത അകലെ നിന്ന് ആസ്വദിക്കാനേ കഴിഞ്ഞുള്ളൂവെന്ന ചെറിയ സങ്കടമുണ്ടായെങ്കിലും പരീക്ഷണം വിജയിച്ച ആഹ്ലാദവുമായി കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ചെത്തിയത്. രാത്രിയോടെ തിരുവനന്തപുരത്തും അവിടെ നിന്നും ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കൈ നീട്ടി കയറിയുമിറങ്ങിയുമായിരുന്നു മടക്കയാത്ര. അവിചാരിതമായി സുഹൃത്തുക്കളായ ഇരുവരും ഒരു യാത്രയ്ക്ക് നേരത്തെ നേരത്തെ ഒരുക്കം കൂട്ടിയിരുന്നു. എന്നാൽ പണം അതിന് തടസ്സമായപ്പോഴാണ് പരീക്ഷണത്തെക്കുറിച്ചാലോചിച്ചത്. സർക്കാർ സഹായത്തോടെ നടന്ന ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിൽ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായത്.
ചുള്ളിക്കര ഡോൺ ബോസ്‌കോയിലായിരുന്നു കോഴ്‌സ്. കോഴ്‌സ് കഴിഞ്ഞ് ഇരുവരും ജോലിയിൽ കയറി. അശ്വിൻ കാസർകോട്ടെ ഹോട്ടലിലും മുഹമ്മദ് റംഷാദ് എറണാകുളത്തെ ഹോട്ടലിലുമാണ് ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ജോലി ചെയ്തു വന്നത്. കൊവിഡ് വന്നതോടെ ഇരുവരും ജോലി നഷ്ടപ്പെട്ട് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടാണ് നേരത്തെ തയ്യാറാക്കിയ യാത്ര തുടങ്ങിയത്. മാർച്ച് 26നാണ് കാസർകോട്ട് നിന്ന് പുറപ്പെട്ടത്. യാത്രക്കിടയിൽ ലോക്ക്ഡൗൺ വന്നതോടെ എറണാകുളത്ത് 20 ദിവസം തങ്ങേണ്ടി വന്നതായി അശ്വിൻ പറഞ്ഞു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലാണ് ഈ ദിവസങ്ങളിൽ കഴിഞ്ഞു കൂടിയത്. തങ്ങളുടെ പരീക്ഷണ യാത്രയുടെ ലക്ഷ്യം മനസിലാക്കിയ പൊലീസും ജനങ്ങളും വലിയ സഹകരണമാണ് നൽകിയതെന്നും അശ്വിനും മുഹമ്മദ് റംഷാദും പറഞ്ഞു.