വിതുര: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മമാരെ ബൈക്കിലെത്തിയയാൾ മർദ്ദിച്ചതായി പരാതി. തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായത്താണ് സംഭവം. നാല് ദിവസം മുൻപ് പുലർച്ചെ അഞ്ചര മണിയോടെ നടക്കാനിറങ്ങിയ വീട്ടമ്മമാരെ ബൈക്കിലെത്തിയ ആൾ മർദ്ദിച്ച ശേഷം ബൈക്കിൽ കടന്നുകളഞ്ഞ സംഭവവും ഉണ്ടായി. സമാന രീതിയിൽ ഇന്നലെ രാവിലെ 5.30യോടെ ചായം ജംഗ്ഷനു സമീപം മറ്റൊരു വീട്ടമ്മയെയും മർദ്ദിച്ചു. കൂടാതെ പുലർച്ചെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മരതുമൂട്ടിൽ വച്ച് ബൈക്കിടിച്ചിട്ട സംഭവവും ഉണ്ടായി. ഇത്തരത്തിൽ ആക്രമണം പതിവായതോടെ ഈ പ്രദേശത്ത് പ്രഭാതസവാരിക്കിറങ്ങാൻ ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്. സുരക്ഷയ്ക്കായി ആയുധങ്ങളുമായി സവാരിക്കിറങ്ങുന്നവരുമുണ്ട്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി വിതുര എസ്.ഐ അനീസ് അറിയിച്ചു. വീട്ടമ്മമാരെ ആക്രമിച്ച പ്രതിയുടെ ചിത്രം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും വിതുര സി.ഐ വിപിൻ ഗോപിനാഥ് അറിയിച്ചു.