ചിറയിൻകീഴ്: നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ കൊവിഡ് കാലത്ത് ആരംഭിച്ച സഞ്ചരിക്കുന്ന ആശുപത്രി. ആഴ്ചയിൽ ആറ് ദിവസം പഞ്ചായത്തിലെ 19 വാർഡുകളിലും ഇതിന്റെ സേവനം ലഭ്യമാകും. ഓരോ വാർഡുകളിലും ആഴ്ചയിൽ ഒരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സ്ഥലങ്ങളിലാണ് സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നത്.
ഈ വാഹനത്തിൽ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനമാണുളളത്. അത്യാവശ്യ ഘട്ടത്തിൽ കിടപ്പ് രോഗികളെ പരിശോധിക്കാൻ ഈ സംഘം വീടുകളിലും എത്തും. ഏകദേശം എണ്ണായിരത്തോളം രൂപയുടെ മരുന്നാണ് ആഴ്ചയിൽ ഇത്തരത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് കാരണം പ്രൈമറി ഹെൽത്ത് സെന്ററിലെയും താലൂക്ക് ആശുപത്രിയിലെയും ഒ.പി യിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്ത് നിവാസിൽ ധനസഹായം നൽകാറുണ്ടെന്നും അതുകൊണ്ടാണ്
ഡോക്ടർ അരികിലുണ്ട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുവാൻ സാധിക്കുന്നതെന്നും പഞ്ചായത്ത് ഭരണ സമിതി ഭാരവാഹികൾ പറയുന്നു. കൊവിഡ് കാലം മുഴുവൻ പദ്ധതിയുമായി മുന്നോട്ട് പോകും.