വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം വാർഡിൽ ഉൾപ്പെടുന്ന കല്ലുമുക്കിൽ വാതുക്കൽ താന്നിമൂട് റോഡ് ശോചനീയാവസ്ഥയിലായിട്ട് മൂന്ന് വർഷത്തിലേറെയായി. ജില്ലാപഞ്ചായത്തിന്റെ അധീനതയിൽപെട്ട റോഡാണിത്. ഊന്നിൻമൂട്, ചാവർകോട് ഭഗത്തുളള ജനങ്ങൾക്ക് യു.കെ.എഫ് എഞ്ചിനീയറിംഗ് കോളേജ്, വലിയകൂനമ്പായിക്കുളം കോളേജ് ഒഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. കൂടാതെ ധാരാളമാളുകൾ നിത്യാവും പൊട്ടിപ്പൊളിഞ്ഞ ഈ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കുന്നു. ടൂവീലറുകൾ അപകടത്തിൽ പെടുന്നത് ഇവിടെ നിത്യസംഭവമായിട്ടുണ്ട്. ഏറെക്കാലമായി ജനങ്ങൾ നിവേദനങ്ങൾ പലതു കൊടുത്തെങ്കിലും പരിഹാരം ഉണ്ടായില്ല. ഒടുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുളള രണ്ട് തെരഞ്ഞെടുപ്പ്കാലത്തും ഈ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടത് ഈ റോഡിന്റെ ദുർഗ്ഗതി ഒന്നു മാറ്റിത്തരണമെന്നാണ്. മെറ്റലിളകി കാൽനടയാത്രപോലും ദുരിതപൂർണമായ റോഡ് റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരഞ്ഞെടുപ്പുകൾ രണ്ടെണ്ണം കഴിഞ്ഞിട്ടും ആവശ്യത്തിന് പരിഗണനയും പരിഹാരമുണ്ടാകുന്നില്ലെന്നതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പരാതി.