തിരുവനന്തപുരം: സസ്യങ്ങളുടെ നിലനിൽപ്പിലാണ് നമ്മുടെ നിലനിൽപ്പെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഡോ. ബി. ഇക്ബാൽ രചിച്ച 'കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ് " എന്ന പുസ്തകം സംസ്‌കൃത കോളേജ് കാമ്പസിലെ മരച്ചുവട്ടിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സസ്യശാസ്ത്രത്തെപ്പറ്റി ആദ്യമായി എഴുതപ്പെട്ട പുസ്തകമാണ് 12 വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസ്. ഈ പുസ്തകത്തിന്റെ കുട്ടികൾക്കുതകുന്ന സംക്ഷിപ്തരൂപമാണ് കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മാളവിക തമ്പി പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ഭരണസമിതി അംഗം ജി. രാധാകൃഷ്ണൻ, ഫിനാൻസ് ഓഫീസർ ജി. ഇന്ദു, ഡോ. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.