ddddd

തിരുവനന്തപുരം: ആക്കുളം കായൽ നവീകരണത്തിനായി 26.36 ആർ (65 സെന്റ്) ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് സർക്കാർ അനുമതി നൽകി. ആറ്റിപ്ര, ചെറുവയ്ക്കൽ വില്ലേജുകളിലെ ഭൂമിയാണ് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം (എൽ.എ.ആർ.ആർ) അനുസരിച്ച് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായത്. ഇതിന് മുന്നോടിയായി ആറ്റിപ്ര, ചെറുവയ്ക്കൽ വില്ലേജ് അധികാരികൾക്ക് ടൂറിസം വകുപ്പ് ഡയറക്ടർ കത്ത് നൽകും. കിഫ്‌ബി വഴി അനുവദിച്ച 64.13 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് പിന്നാലെയാണ് കായൽ പുനരുജ്ജീവനത്തിനായി സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. മാലിന്യം നിറഞ്ഞ കായലിന്റെയും കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിടുന്നതും സംസ്ഥാനത്തു നടപ്പിലാക്കുന്ന ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതിയുമാണ് കിഫ്‌ബി വഴി നടപ്പാക്കാൻ തീരുമാനിച്ചത്. നീർത്തട - നെൽവയൽ സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവ അനുസരിച്ചുള്ള അനുമതികൾ ലഭിച്ചതിന് ശേഷമാകും സ്ഥലമേറ്റെടുക്കൽ ആരംഭിക്കുക. ആക്കുളം കായൽ പുനരുജ്ജീവിപ്പിക്കുന്നതിനായി 10 വർഷത്തിനിടെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. ആക്കുളം കായൽ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്യുന്നതിന് ആദ്യം വകയിരുത്തിയ 17 കോടി രൂപയുടെ പദ്ധതി ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലാണ്.

കായൽ ജലത്തിന്റെ ശുദ്ധത ഉറപ്പാക്കും

മാലിന്യങ്ങളും പായലും നീക്കുന്നതിന് മുൻഗണന നൽകി കായലിലെ ജലത്തിന്റെ ശുദ്ധത ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കിഫ്‌ബി വഴി നടപ്പാക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തി നിലവിൽ മണ്ണ് ഉയർന്നുകിടക്കുന്ന കായൽ ഭാഗം ഹരിതാഭമായ ചെറുദ്വീപ് ആക്കി മാറ്റി അതിനുള്ളിൽ ജല ശുചീകരണ മാർഗങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വർഷം നീണ്ട ഗവേഷണത്തിനു ശേഷം ബാർട്ടൻഹിൽ എൻജിനീയറിംഗ് കോളേജിലെ ട്രാൻസിഷനൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് രൂപരേഖ തയ്യാറാക്കിയത്. കുളവാഴയും മാലിന്യങ്ങളും നീക്കംചെയ്യൽ, ആക്കുളം പാലത്തിനു കുറുകെയുള്ള ബണ്ട് മാറ്റൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. ബാംബു ഗ്രീൻ പാലങ്ങൾ പരിസ്ഥിതി മതിലുകൾ, ഇടനാഴികൾ, കല്ലുകൾ പാകിയ നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കും. കായലിലേക്കു വന്നുചേരുന്ന ഉള്ളൂർ, പട്ടം ,പഴവങ്ങാടി, മെഡിക്കൽ കോളേജ് തോടുകളും നവീകരിക്കും.