
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജംഗ്ഷൻ വികസനമെന്ന പതിറ്റാണ്ടുകളായുളള പ്രദേശവാസികളുടെ ആവശ്യം ഇപ്പോഴും അനന്തമായി നീളുന്നു. ഇടുങ്ങിയ റോഡും തിരക്കേറിയ ജംഗ്ഷനുമാണ് പെരുമ്പഴുതൂർ ജംഗ്ഷനിലെ ഈ ദുരിതത്തിന് കാരണം.
സാമൂഹിക ആഘാത പഠനം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
ഈ ജംഗ്ഷനിൽ എത്തുന്ന കെ.എസ്.ആർ.ടി.സി അടക്കമുളള വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പെരുമ്പഴുതൂർ സ്കൂളും ജംഗ്ഷനടുത്താണ് സ്ഥിതിചെയ്യുന്നത്.
വികസനം യാഥാർത്ഥ്യമാകുമ്പോൾ ഒഴിവാക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസമാണ് അധികൃതരുടെ മുന്നിലുളള വിഷയം. പകരം സംവിധാനമേർപ്പെടുത്തുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും സ്ഥലം കണ്ടെത്തലടക്കമുളള നടപടി എങ്ങുമെത്തിയില്ല. പ്രശ്നങ്ങൾ പരിഹരിച്ച് അടിയന്തരമായി റോഡ് വീതികൂട്ടി ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റോഡ് വീതികൂട്ടുമ്പോൾ പുനരധിവസിപ്പിക്കേണ്ടത്
25 ൽപരം വ്യാപാരികളെ
പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം ഒരെത്തിനോട്ടം
അരുവിപ്പുറം, ഈരാറ്റിൻപുറം ടൂറിസ്റ്റ് കേന്ദ്രം, നഗരസഭയുടെ പൊതുശ്‌മശാനത്തിനായി കണ്ടെത്തിയിട്ടുളള കോട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന പാതയിലാണ് ഈ ജംഗ്ഷൻ. റോഡ് വികസനത്തിനായി 27 സെന്റോളം സ്ഥലം ഏറ്റെടുക്കാൻ ആണ് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുളളത്. 21 വർഷം മുമ്പ് പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്തായിരുന്ന പ്രദേശത്തെ നെയ്യാറ്റിൻകര നഗരസഭയോട് കൂട്ടിച്ചേർത്ത കാലം മുതൽക്കേ വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അധികൃതർ ഇനിയും നടപ്പിലാക്കിയിട്ടില്ല. വീതി കുറഞ്ഞ റോഡും റോഡിനിരുവശവും തിങ്ങി നിറഞ്ഞ് ധാരാളം വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. മിക്ക സ്ഥാപനങ്ങളും റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
അരുവിപ്പുറം, റസ്സൽപുരം, ഈരാറ്റിൻപുറം, നെയ്യാറ്റിൻകര ടൗൺ എന്നിവിടങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ പെരുമ്പഴുതൂർ ജംഗ്ഷനിലെത്തിയാണ് കടന്നുപോകുന്നത്.
വാക്ക്...മറുവാക്ക്
പതിവായി ഗതാതക്കുരുക്ക് രൂക്ഷമാതോടെയാണ് റോഡ് വീതികൂട്ടാൻ
നഗരസഭ പദ്ധതി മുന്നോട്ട് വച്ചത്. എന്നാൽ ഒരു വിഭാഗം വ്യാപാരികളുടെ നിസ്സഹകരണമാണ് പദ്ധതി അനന്തമായി നീളാൻ കാരണമെന്നാണ് നഗരസഭ പറയുന്നത്.
റോഡിനായി സ്ഥലമേറ്റെടുക്കുമ്പോൾ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
വ്യാപാരസ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വ്യാപാരികളുടെ ജീവനോപാധി നഷ്ടപ്പെടുമെന്ന ആശങ്കയാണ് വ്യാപാരികളുടെ എതിർപ്പിനുളള കാരണം.
പ്രതികരണം
സ്ഥലം ഏറ്റെടുക്കാനായി മൂന്ന് മാസം മുമ്പ് യോഗം കൂടിയിരുന്നു. കൊറോണ വ്യാപനം ശക്തിപ്പെട്ടതിനെ തുടർന്നാണ് നടപടികൾ മന്ദഗതിയിലായത്. വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്ഥലമേറ്റെടുക്കൽ യാഥാർത്ഥ്യമാക്കും
-- പി.കെ രാജ്മോഹൻ, നഗരസഭ ചെയർമാൻ
ഒഴിവാക്കപ്പെടുന്ന വ്യാപാരികൾക്കാവശ്യമായ നഷ്ടപരിഹാരം നൽകാൻ നഗരസഭ അധികൃതർ തയ്യാറാകണം.
--മഞ്ചന്തല സുരേഷ് , പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപനസമിതി
നെയ്യാറ്റിൻകര യൂണിറ്റ്