പാലോട്: നന്ദിയോട് പഞ്ചായത്തിൽ വീണ്ടും കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്നു. പാണ്ഡ്യൻപാറ, പാലോട്, മീൻമുട്ടി, നവോദയ, കുറുപുഴ, പേരയം എന്നീ വാർഡുകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണുന്നത്. രോഗബാധയുടെ രണ്ടാം ഘട്ടത്തിൽ ആദ്യ ഒരൊറ്റ രോഗബാധ പോലും റിപ്പോർട്ട് ചെയ്യാത്ത നവോദയ വാർഡിൽ ഒരാഴ്ചയ്ക്കുള്ളിൽ11 രോഗികളാണ് ഉള്ളത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് പാലോട് വാർഡിൽ ആണ്, 24. മീൻമുട്ടി, പാണ്ഡ്യൻപാറ, ആനകുളം, കുറുപുഴ, പേരയം, വട്ടപ്പൻകാട്, പച്ച , ആലുങ്കുഴി, നന്ദിയോട് ടൗൺ, കള്ളിപ്പാറ, കുറുന്താളി, താന്നിമൂട്, പാലു വള്ളി എന്നിവിടങ്ങളിലാണ് നിലവിൽ കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്‌. ആലംപാറ, പുലിയൂർ വാർഡുകളിൽ നിലവിൽ രോഗികളൊന്നും ഇല്ലാ എന്നത് ഏറെ ആശ്വാസമാണ്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെയാണ് രോഗബാധ നിയന്ത്രണാതീതമായികൂടുന്നത്. രോഗബാധ നിയന്ത്രണ വിധേയമാകുന്നതിനു മുൻപ് തൊഴിലുറപ്പ് ജോലികൾ ആരംഭിച്ചതും തിരിച്ചടിയായി. നന്ദിയോടിന്റെ സമീപ പഞ്ചായത്തുകളായ വിതുര, തൊളിക്കോട്, ആനാട്, പെരിങ്ങമ്മല , പാങ്ങോട് പഞ്ചായത്തുകളിൽ നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നില്ല. പനവൂർ പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാണ് ഇപ്പോഴും. നന്ദിയോട് പഞ്ചായത്തിലെ കൊവിഡ് രോഗബാധ നിയന്ത്രണ വിധേയമാകുന്നതുവരെ പോലീസ് പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.