തിരുവനന്തപുരം: ആദ്ധ്യാത്മിക ധാർമിക നഭോമണ്ഡലത്തിൽ ജ്വലിച്ചു നിന്ന സുവർണ നക്ഷത്രമായിരുന്നു സമാധിയായ പോത്തൻകോട് ചിന്താലയേശൻ മഹാത്മ ആലയിൽ സ്വാമിയെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. നിശബ്ദനായി പാതയോരങ്ങളിലൂടെ നടന്നുപോകുമ്പോഴും തൊട്ടടുത്തുണ്ടെന്ന വിശ്വാസം ഭക്തരിൽ പകർന്നു നൽകിയ അവധൂതനായിരുന്നു അദ്ദേഹം.അവകാശ വാദങ്ങളോ ദിവ്യ പരിവേഷമോ ഇല്ലാതെ നാടൻ ഭാഷയിൽ പച്ചയായ യാഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞു. അതെല്ലാം കേൾക്കാനും സ്വാമിയെ ഒരു നോക്ക് കാണാനും എത്തുന്ന സാധാരണ മനുഷ്യരുടെ നീണ്ട നിര എന്നും കാണാമായിരുന്നു. ഒരു നോട്ടത്തിൽ പോലും സ്‌നേഹാർദ്രതയുടെ ഭാവം പകർന്ന അദ്ദേഹം ആദർശനിഷ്ഠനായ വ്യക്തിത്വമായിരുന്നുവെന്നും കുമ്മനം അനുസ്മരിച്ചു.