തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ അഞ്ചുവർഷം ജയിലിൽ കിടക്കേണ്ടി വരുന്ന അതിശക്തമായ നിയമമുള്ള നാട്ടിലാണ് പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ കുരുതികൊടുക്കപ്പെടുന്നത്. സ്ത്രീധനം കുറഞ്ഞുപോയതിനും കുടിശ്ശിക തീർക്കാത്തതിനും എന്നുവേണ്ട, വസ്തുവകകളെല്ലാം ഒറ്റയടിക്ക് കൈക്കലാക്കാൻ വരെ പെൺകുട്ടികളെ കൊന്നുതള്ളുന്നുണ്ട്. വിവാഹത്തിന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബത്തിന്റെ മഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിക്കുന്നതാണ് സ്ത്രീധന നിരോധന നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചത്. ദാരുണമരണങ്ങളുണ്ടായ ശേഷം നീതിതേടി ഇരകളുടെ കുടുംബങ്ങൾ കാത്തിരിക്കുകയാണ്.
മാതാപിതാക്കൾ മക്കളെ പണത്തോട് ആർത്തിയുള്ളവരാക്കി മാറ്രരുത്. സ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ സ്വത്ത് കണ്ടിട്ടാവരുത്. അതിക്രമങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണം.
സ്ത്രീധന പീഡനം ഐ.പി.സി പ്രകാരമുള്ള ക്രിമിനൽ കുറ്റകൃത്യമാണ്. പൊലീസിൽ പരാതികിട്ടിയാൽ പ്രാഥമികപരിശോധന നടത്തണം. പരാതി ശരിയെങ്കിൽ ഒത്തുതീർപ്പിന് സാദ്ധ്യതയില്ലാത്ത ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം.
സ്ത്രീധനത്തിനെതിരായ കാമ്പെയിൽ വനിതാകമ്മിഷൻ ശക്തമായി നടപ്പാക്കും. പൊലീസിൽ നൽകിയ പരാതികളിൽ ഇടപെടൽ ഉറപ്പുവരുത്തും. എന്നാൽ, കോടതിയിലുള്ള കേസുകളിൽ വനിതാകമ്മിഷന് ഇടപെടാനാവില്ലെന്നും എം.സി. ജോസഫൈൻ പറഞ്ഞു.
വനിതാകമ്മിഷനിലെ
സ്ത്രീധനപീഡനക്കേസുകൾ
(2010-2021)
തിരുവനന്തപുരം-447 (330 എണ്ണം തീർപ്പാക്കി)
കൊല്ലം-126
ആലപ്പുഴ-81
പത്തനംതിട്ട-33
കോട്ടയം-60
ഇടുക്കി-35
എറണാകുളം-84
തൃശൂർ-47
പാലക്കാട്-55
മലപ്പുറം-36
കോഴിക്കോട്-44
വയനാട്-20
കണ്ണൂർ-16
കാസർകോട്-12
2016-2020 വരെ
പൊലീസ് രജിസ്റ്റർചെയ്തത് 15,143 സ്ത്രീധനപീഡനക്കേസുകൾ
സ്ത്രീധനപീഡന മരണം- 66
കുടുംബ കോടതികളിൽ
1,04,015 കേസുകൾ
................
''
എം.സി. ജോസഫൈൻ
വനിതാ കമ്മിഷൻ അദ്ധ്യക്ഷ
നൂറ്റാണ്ടുകളായി തുടരുന്ന നിയമവിരുദ്ധ സംവിധാനം ഇല്ലാതാക്കാൻ സമൂഹത്തിന്റെ ഇടപെടലുണ്ടാവണം. സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ ധാരണയുണ്ടാക്കാൻ ബോധവത്കരണം അനിവാര്യമാണ്. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരുത്താനുള്ള ഇടപെടലുകളും നടത്തണം. ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണം.