
നെയ്യാറ്റിൻകര: വിദ്യാർത്ഥി സമൂഹത്തെ നെഞ്ചിലേറ്റിയ സർക്കാരാണ് എൽ.ഡി.എഫ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന സമ്പൂർണ ഡിജിറ്റൽ സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഈ പ്രതിസന്ധികാലത്ത് ഓൺലൈനിലൂടെയും വിദ്യാഭ്യാസം തുടരാനായത്. കുട്ടികൾ നാളെയുടെ സമ്പത്താണെന്ന് സർക്കാരിന് പൂർണബോധ്യമുളളതുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്മാർട്ട് ഫോൺ വിതരണവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും ധനസഹായ വിതരണവും മന്ത്രി നിർവ്വഹിച്ചു. കെ ആൻസൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡന്റ് ജി. സജികൃഷ്ണൻ സ്വാഗതം.പറഞ്ഞു. നഗരസഭാ ചെയർമാൻ പി.കെ രാജ്മോഹൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ സാദത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ഡി.ഇ.ഒ സുനിൽകുമാർ, ബി.പി.സി അയ്യപ്പൻ, സ്കൂൾ പ്രിൻസിപ്പാൾ ജി. ദീപ, ഹെഡ്മിസ്ട്രസ് ആനി ഹെലൻ, പി.ടി.എ വൈസ് പ്രസിഡന്റ് സത്യശീലൻ എന്നിവർ പങ്കെടുത്തു.