തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഒരു സ്വകാര്യ കോളേജിൽ ചട്ടവിരുദ്ധമായി പ്രിൻസിപ്പൽ നിയമനം നടത്തുന്നതിനെതിരെ സേവ് യൂണവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്റിക്കും പരാതി നൽകി. അടൂർ സെന്റ് സിറിൾസ് കോളേജ് പ്രിൻസിപ്പലായി പത്തനംതിട്ട കാതോലിക്കേ​റ്റ് കോളേജ് അദ്ധ്യാപികയായ സുഷയെ സർവകലാശാലാ ചട്ടങ്ങൾ ലംഘിച്ച് നിയമിച്ച നടപടി റദ്ദാക്കണമെന്ന സർക്കാർ ഉത്തരവ് സർവകലാശാല തള്ളിക്കളഞ്ഞെന്നാണ് പരാതി. സി.പി.എം നിയന്ത്റണത്തിലുള്ള പ്രൈവ​റ്റ് കോളേജ് അദ്ധ്യാപക സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുടെ ഭാര്യയാണ് ഈ പ്രിൻസിപ്പൽ.

അനധികൃതമായി നിയമിച്ച പ്രിൻസിപ്പലിന് കോളേജിൽ തുടരാനും ശമ്പളബില്ലുകൾ ഉൾപ്പെടെയുള്ള ധനവിനയോഗം നടത്താനും സിൻഡിക്കേറ്ര് അനുമതി നൽകി. ചട്ടം ലംഘിച്ചാണ് സിൻഡിക്കേറ്ര് തീരുമാനം. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ അക്കാഡമിക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെ വൈസ്ചാൻസലർ സ്ഥലംമാ​റ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.