ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പാർവതീപുരം വാർഡ് കൗൺസിർ നിതിൻ വി.എസിനെ (25)​ മർദ്ദിച്ച ജൂനിയർ എസ്.ഐ ജ്യോതിഷിനെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു. ജനപ്രതിനിധിയെ മർദ്ദിച്ച സംഭവം വിശദീകരിച്ച് സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കി ഡി.ജി.പി,​ മുഖ്യമന്ത്രി എന്നിവർക്ക് അയച്ചു. യോഗത്തിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിൽക്കുകയും കോൺഗ്രസ് അംഗങ്ങൾ പിൻതാങ്ങുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. സുഹൃത്തിന്റെ ഇരുചക്ര വാഹനം സ്റ്റേഷനിൽ നിന്നിറക്കാനായി സുഹൃത്തിനൊപ്പം പോയ നിതിനോട് ജ്യോതിഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. താൻ നഗരസഭാ കൗൺസിലറാണെന്ന് പറഞ്ഞതോടെ ജ്യോതിഷ് നിതിനെ മാരകമായി മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ നിതിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജ്യോതിഷ് വർക്കല സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീനെ സമാനമായ രീതിയിൽ മർദ്ദിക്കുകയും എതിർത്തതിന് ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആറ്റിങ്ങലിലേക്ക് മാറ്റുകയായിരുന്നു. കൂടാതെ മുദാക്കൽ പഞ്ചായത്ത് വനിതാമെമ്പർ ദീപാറാണിയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ പരാതിയുണ്ട്. പരാതിയുമായെത്തുന്നവരോടും ജ്യോതിഷ് അപമര്യാദയായി പെരുമാറുകയാണെന്നാണ് ആക്ഷേപം. ആറ്റിങ്ങലിലെ ഒരു മാദ്ധ്യമ പ്രവർത്തകനോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ഇത് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാക്കുകയുമായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രമുഖരുമടക്കം ഇയാളെ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. കൗൺസിലറെ മർദ്ദിച്ച സംഭവത്തിൽ ജ്യോതിഷിനെ എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയെങ്കിലും വകുപ്പുതല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.