തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ മൺമറഞ്ഞ സംഗീത പ്രതിഭകളുടെ ഓർമ്മ കൂട്ടായ്മ ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായിരുന്ന എസ്. രമേശൻ നായർ,​ ഗാനരചയിതാവ് പൂവച്ചൽ ഖാദർ,​ കർണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ എന്നിവരുടെ അനുസ്മരണമാണ് നടക്കുക. കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി പാറശാല പൊന്നമ്മാൾ സ്മൃതി പ്രഭാഷണവും, രവി മേനോൻ പൂവച്ചൽ ഖാദർ സ്മൃതി ഭാഷണവും കവി മുരുകൻ കാട്ടാക്കട എസ്. രമേശൻ നായർ സ്മൃതി ഭാഷണവും നിർവഹിക്കും. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, ആർ. പാർവതി ദേവി, പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി എന്നിവർ സംഗീത പ്രതിഭകളെ അനുസ്മരിക്കും. തുടർന്ന് പാറശാല ബി. പൊന്നമ്മാളിനെക്കുറിച്ച് ആർ. പാർവതി ദേവിയും പ്രിയാരവീന്ദ്രനും ചേർന്ന് ഒരുക്കിയ ' ഈ ജീവിതത്തിന് പേര് സംഗീതം' ഡോക്യുമെന്ററിയുടെ പ്രദർശനവും നടക്കും. ഓർമ്മക്കൂട്ടായ്മ ഭാരത് ഭവൻ ഫേസ്‌ബുക്ക് പേജിൽ തത്സമയം ലഭ്യമാകും.