തിരുവനന്തപുരം: ഐ.സി.എം.ആർ മാർഗനിർദ്ദേശം പാലിക്കാതെ തെറ്റായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് വഴി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഭാവിയിൽ ലഭിക്കാവുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊവിഡ് മൂലം മരണമടഞ്ഞ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ നേതൃത്വം നൽകുന്ന 24 മണിക്കൂർ ഉപവാസം പട്ടം എം.വി.ആർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽ നഷ്ട പരിഹാരത്തിനു വേണ്ടി നൽകിയിട്ടുള്ള കേസിൽ സി.എം.പി കക്ഷി ചേരുമെന്ന് ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, ഡോ. സരിൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ,നഗരസഭ കൗൺസിലർ പത്മകുമാർ, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രേണുക, ജില്ലാ സെക്രട്ടറി വി.ആർ. സിനി എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് ഡോ.എം.കെ. മുനീർ സമര സമാപനം ഉദ്ഘാടനം ചെയ്യും.