മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ
കോവളം: വെങ്ങാനൂരിൽ അർച്ചന എന്ന യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാരനായ ഭർത്താവ് സുരേഷിനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. അർച്ചനയുടെ മൃതദേഹവുമായി ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വെങ്ങാനൂർ ജംഗ്ഷനിലായിരുന്നു പ്രതിഷേധം. വിഴിഞ്ഞം പൊലീസെത്തി ഉപരോധക്കാരുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഫോർട്ട് എ.സി അനിൽദാസ്, എം. വിൻസെന്റ് എം.എൽ.എ, തഹസിൽദാർ ഷാജു, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി നാട്ടുകാർ ചർച്ച നടത്തി. പൊലീസ് അന്വേഷണം അട്ടിമറിച്ചതായും എഫ്.ഐ.ആറിൽ കൃത്യമായ മൊഴികൾ രേഖപ്പെടുത്തിയില്ലെന്നും ഇവർ ആരോപിച്ചു.
നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന തഹസിൽദാരുടെ ഉറപ്പിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഭർത്താവ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനൊപ്പം അർച്ചനയുടെ പിതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും എ.സി അറിയിച്ചു. പിന്നാലെ അർച്ചനയുടെ കുടുംബ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട് മൂന്നോടെ മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്‌കരിച്ചു. തിങ്കളാഴ്ച രാത്രിയിൽ കുഴിവിളയ്ക്കു സമീപം പുലിവിളയിലെ വാടക വീട്ടിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ അശോകൻ - മോളി ദമ്പതികളുടെ മകൾ അർച്ചനയെ കണ്ടെത്തിയത്. സംഭവസമയം ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന നിലപാടിലാണ് ലോക്കൽ പൊലീസ്. അർച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത സുരേഷിനെ രാത്രിയോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി വിട്ടയയ്‌ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതിനുശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം ക്രൈംബ്രാഞ്ചിന്
പ്രതിഷേധങ്ങൾക്കൊടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് എ.സി പി ജോൺസൺ ചാൾസിനാണ് അന്വേഷണച്ചുമതല. ഫോർട്ട് എ.സി. അനിൽദാസ് അന്വേഷണം ആദ്യം ഏറ്റെടുത്തെങ്കിലും ഉന്നതതല ചർച്ചകൾക്കൊടുവിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.