തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്നും മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തിനായി കേരള എൻ.ജി.ഒ യൂണിയൻ നൽകുന്ന പഠനോപകരണങ്ങൾ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്‌കൂളുകളിലും സഹായ സമിതികൾ രൂപീകരിക്കണം. കൊവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലാണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു കോടി രൂപ മൂല്യം വരുന്ന 2,500 ടാബുകളാണ് എൻ.ജി.ഒ യൂണിയൻ വിതരണം ചെയ്യുക. ചടങ്ങിൽ എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് ഇ. പ്രേംകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്‌കുമാർ, സെക്രട്ടറി ആർ. സാജൻ തുടങ്ങിയവർ സംസാരിച്ചു.