തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,501 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,623 പേർ രോഗമുക്തരായി. 9.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,649 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ നാലുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,909 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,717 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.
തിരുവനന്തപുരം നഗരസഭയിലെ 11 വാർഡുകൾ
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ
കൊവിഡ് രോഗവ്യാപനം വർദ്ധിച്ചതിനെത്തുടർന്നു തിരുവനന്തപുരം നഗരസഭയിലെ11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ സ്ഥലങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും.