ബാലരാമപുരം: വിവാഹവാഗ്ദാനം നൽകി 42 കാരിയെ പീഡിപ്പിച്ച് പണവും സ്വർണവും അപഹരിച്ച പ്രതി നാലുവർഷത്തിനു ശേഷം നരുവാമൂട് പൊലീസിന്റെ പിടിയിൽ. ജില്ലാ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ വഞ്ചിയൂർ ടി.സി 14/1122 ൽ അംബികാസദനത്തിൽ സാജുവാണ് (53) പിടിയിലായത്. പരാതിക്കാരിയിൽ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപയും ആറ് പവന്റെ സ്വർണാഭരണവും സാജു കൈക്കലാക്കിയിരുന്നു. കാട്ടാക്കട ഡെപ്യൂട്ടി സൂപ്രണ്ട് എസ്. ഷാജിയുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുമല ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്.ഐ അജീന്ദ്രകുമാർ, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.