പോത്തൻകോട്: കഴിഞ്ഞ ദിവസം സമാധിയായ പോത്തൻകോട് ചിന്താലയ ആശ്രമം മഠാധിപതി ആലയിൽ സ്വാമി എന്ന അപ്പുക്കുട്ടൻ സ്വാമി (87)യുടെ സമാധി ചടങ്ങുകൾ ആചാരവിധികളോടെ ആശ്രമാങ്കണത്തിൽ നടന്നു. തമിഴ് നാട്ടിലെ ചിദംബര ക്ഷേത്രത്തിൽ നിന്നെത്തിയ സന്യാസവര്യൻമാരുടെ നേതൃത്വത്തിൽ രാത്രി 10.30 ന് ആരംഭിച്ച ചടങ്ങുകൾ പുലർച്ചെ 1.30 നാണ് പൂർത്തിയായത്. 41 ന് മറ്റ് ചടങ്ങുകൾ നടക്കും. സമൂഹത്തിന് പരിചിതമായ സന്യാസ ആചാരരീതികൾ ഒന്നും പിൻതുടരാതെ, കെെലിയും തോർത്തും ധരിച്ച് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, സാധാരണ ജനവിഭാഗങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ് അവർക്ക് സാന്ത്വനമേകിയ സന്യാസ വര്യനായിരുന്നു ആലയിൽ സ്വാമി.
നിങ്ങളെപ്പോലെ ഞാനും സാധാരണ മനുഷ്യനാണ്. എന്നിൽ നിന്നൊന്നും നിങ്ങൾക്ക് കിട്ടാനില്ല. പിന്നെയെന്തിനാണ് എന്നെത്തേടി വരുന്നത് - എന്ന സ്നേഹം നിറഞ്ഞ ചോദ്യത്തോടെയാണ് ആശ്രമത്തിലെത്തുന്നവരെ സ്വാമി സ്വീകരിക്കുന്നത്.
സ്വാമിയുടെ ഈ എളിമയാണ് പല പ്രമുഖ വ്യക്തികളെയും ആശ്രമത്തിെലെത്തിച്ചത്.
1934 ജൂൺ 18 ന് നീലകണ്ഠ പെരുമാളിന്റെയും ലക്ഷ്‌മിക്കുട്ടി അമ്മാളുവിന്റെയും മകനായി പോത്തൻകോട് പണി മൂലയിലാണ് ആലയിൽ സ്വാമിയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ആത്മീയ കാര്യങ്ങളിൽ പ്രത്യേക കഴിവുണ്ടായിരുന്ന അദ്ദേഹം ചേങ്കോട്ടുകോണം ആശ്രമ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുമായി ആത്മബന്ധം പുലർത്തിയിരുന്നു. 18-ാം വയസിൽ ദേശാടനത്തിന് പോയ സ്വാമി പത്തുവർഷത്തിന് ശേഷം ചിദംബര ദിഗംബര ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. പോത്തൻകോട് ആശ്രമത്തിന് പുറമേ കള്ളിക്കാടും, നെയ്യാറ്റിൻകരയിലും തമിഴ്നാട് ചിദംബരത്തും ചിന്താലയ ആശ്രമങ്ങൾ സ്ഥാപിച്ചു. ഏഴ് പതിറ്റാണ്ട് മുമ്പ് സ്വാമി മുൻകെെയെടുത്ത് തുടങ്ങിവച്ച അന്നദാനം ഇപ്പോഴും മുടങ്ങാതെ നടത്തുന്നുണ്ട്.