k-muralidharan

തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേർന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം കെ. മുരളീധരൻ ബഹിഷ്കരിച്ചു. യോഗത്തിന് മുമ്പായി നേതാക്കളുടെ യോഗം വിളിച്ചുചേർത്തതിൽ പ്രതിഷേധിച്ചാണ് മുരളീധരൻ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.

വൈകിട്ട് ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്പായി രാവിലെ പാർട്ടി പുന:സംഘടനയെപ്പറ്റി ആലോചിക്കാൻ കെ.പി.സി.സി ആസ്ഥാനത്ത് സുധാകരന്റെ സാന്നിദ്ധ്യത്തിൽ മുതിർന്ന നേതാക്കളുടെ യോഗം ചേർന്നിരുന്നു. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരിൽ ഒരാളും രാഷ്ട്രീയകാര്യസമിതിയിലില്ലാത്ത രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും പങ്കെടുത്ത കൂടിയാലോചനയിൽ മുരളീധരനെ ക്ഷണിച്ചില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കൂടിയാലോചനകൾ നടത്തി ധാരണയിലെത്തിയ ശേഷം അതിന് അംഗീകാരം നൽകാൻ മാത്രമായി രാഷ്ട്രീയകാര്യസമിതി ചേർന്നാൽ അതിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുരളി അടുപ്പമുള്ളവരോട് പങ്കുവച്ചതായി സൂചനയുണ്ട്.