kk

 സ്ത്രീകൾക്കും പട്ടികവിഭാഗത്തിനും 10% വീതം സംവരണം

 അയൽക്കൂട്ടങ്ങൾ, ജില്ലാ തലത്തിലും അച്ചടക്കസമിതി

തിരുവനന്തപുരം: തിരിച്ചുവരവ് ലക്ഷ്യമിട്ട് സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ തിരുത്തലുമായി രാഷ്ട്രീയകാര്യ സമിതി. ആക്ഷേപങ്ങൾക്കിടയാക്കിയ ജംബോ കമ്മിറ്റി ഇനിയുണ്ടാവില്ല. ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളുമടക്കം 51 അംഗ കമ്മിറ്റി മതിയെന്നാണ് തീരുമാനം. പുതിയ ഭാരവാഹികളിൽ സ്ത്രീകൾക്കും പട്ടികജാതി- പട്ടികവർഗക്കാർക്കും 10 ശതമാനം വീതം സംവരണമുണ്ടാകുമെന്നും സമിതി യോഗത്തിനു ശേഷം കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്ളോക്ക് കമ്മിറ്റിക്ക് മുകളിൽ നിയോജകമണ്ഡലം കമ്മിറ്റി. താഴെത്തട്ടിൽ ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഒരു അയൽക്കൂട്ടത്തിന് 30 മുതൽ 50 വീടുകളുടെ വരെ ചുമതല. പാർട്ടിയിൽ സെമി കേഡർ സംവിധാനം നടപ്പിലാക്കും. ഒരാൾക്കൊരു പദവി മാനദണ്ഡമില്ല. സംസ്ഥാന, ജില്ലാതലങ്ങളിൽ അച്ചടക്കസമിതികളുണ്ടാവും. അവയ്ക്കു മേലുള്ള അപ്പീൽ കേൾക്കാൻ സംസ്ഥാനതല അച്ചടക്കസമിതി.

പ്രവർത്തകർക്ക് രാഷ്ട്രീയ പഠനക്ലാസ്സുകൾ നൽകി പ്രവർത്തനം കാര്യക്ഷമമാക്കാൻ പാർട്ടി സ്കൂൾ ആരംഭിക്കാനും സുധാകരൻ അദ്ധ്യക്ഷനായതിനു ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായി. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടവരെ കെ.പി.സി.സി മീഡിയ സെൽ തീരുമാനിക്കും.

ഡി.സി.സി പുനഃസംഘടനയും സമാനരീതിയിലാകും. നിയോജകമണ്ഡലങ്ങൾ കുറവുള്ള ചെറിയ ജില്ലകളായ കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സമിതി അംഗസംഖ്യ കുറവായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആരോപണത്തിനിരയായ നേതാക്കളുടെയും വ്യക്തികളുടെയും പരാതികളിൽ കർശന നടപടിയുണ്ടാകും. മൂന്നുനാല് മാസത്തിനകം എല്ലാ പുനഃസംഘടനയും തീർക്കും.

 51 അംഗ സമിതിയിൽ

പ്രസിഡന്റ്, 3 വർക്കിംഗ് പ്രസിഡന്റുമാർ, 3 വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, ബാക്കി നിർവാഹകസമിതി അംഗങ്ങൾ. സെക്രട്ടറിമാർ പരമാവധി 15.

 വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി.തോമസും ടി. സിദ്ദിഖും രാഷ്ട്രീയകാര്യ സമിതിയിൽ.

 5 മേഖലാസമിതികൾ

തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ മൂന്നു പേർ വീതമുള്ള 5 മേഖലാ സമിതികൾ.

ചാനൽ ചർച്ചയ്ക്ക് പാനൽ

കെ.പി.സി.സിക്ക് സ്ഥിരം മീഡിയ സെൽ. ചാനൽ ചർച്ചയ്ക്കുള്ളവരെ സെൽ തീരുമാനിക്കും. സോഷ്യൽമീഡിയ കൈകാര്യംചെയ്യാൻ മാർഗരേഖ.

മുരളീധരന് തർക്കമില്ല

കെ. മുരളീധരന് ഒരു തർക്കവുമുണ്ടായിട്ടില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി. പുതുതായി ചുമതലയേറ്റയാളെന്ന നിലയ്ക്ക് സീനിയർ നേതാക്കളുമായി ആശയവിനിമയം നടത്തുന്നത് നല്ലതല്ലേ? ഹസ്സനെയും സുധീരനെയും രാവിലത്തെ യോഗത്തിലേക്ക് ക്ഷണിച്ചില്ലല്ലോ. താൻ ഇപ്പോൾ മുരളിയോട് ഫോണിൽ സംസാരിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാനുള്ള അസൗകര്യം അദ്ദേഹം പറഞ്ഞിരുന്നു. പറ്റിയില്ലെങ്കിൽ ഇന്നു രാവിലെ കാണാമെന്ന് പറഞ്ഞെന്നും സുധാകരൻ ചോദ്യത്തിന് മറുപടി നൽകി.

സമ്പൂർണ അഴിച്ചുപണിയാണ് പാർട്ടിക്ക് കരുത്തേകാനുള്ള വഴി. ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല. കർമ്മശേഷി മാനദണ്ഡം. രോഗം കണ്ടെത്തി; മരുന്നുമായി. കുടിച്ചാൽ ഫലിക്കും.

- കെ. സുധാകരൻ

കെ.പി.സി.സി പ്രസിഡന്റ്