പാറശാല: ആറയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ അയോഗ്യമാക്കിയ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവന്ന നീതി മെഡിക്കൽ സ്‌റ്റോർ, മെറ്റീരിയൽ ഡിപ്പോ എന്നിവിടങ്ങളില താത്കാലിക ജീവനക്കാർക്ക് നൽകിയ വേതനം,വായ്പാ കുടിശിക എന്നിവ ഭരണസമിതിയംഗങ്ങൾ തിരികെ അടയ്ക്കണം എന്ന കാരണത്താലാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പാറശാല യൂണിറ്റ് ഇൻസ്പെക്ടറെ ബാങ്കിന്റെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. ബാങ്കിലെ ഉന്നതരായ ജീവനക്കാരോടുള്ള സി.പി.എമ്മിന്റെ വിരോധവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അധികാരം പിടിച്ചെടുക്കാനുള്ള കുതന്ത്രവുമാണ് ഇതിനു പിന്നിലെന്നും ആരോപണത്തിൽ പറയുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതോടെ വേഗത്തിലായ ബാങ്ക് പിരിച്ചുവിടൽ നടപടികളിലും ബാങ്കിനെതിരെയുള്ള വ്യാജ ആരോപണങ്ങളിലും കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻനായരുടെ നേതൃത്വത്തിൽ ചേർന്ന യോഗം ശക്തമായി പ്രതിഷേധിച്ചു.