കല്ലമ്പലം: വീടിനു മുന്നിൽ ഓട്ടോ അനധികൃതമായി നിത്യേന പാർക്ക് ചെയ്യുന്നത് ചോദ്യംചെയ്ത വൃദ്ധയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻവീട്ടിൽ സുധീർ (45), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ വീട്ടിൽ അൽത്താഫ് (20), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻവീട്ടിൽ ഷംനാദ് (43), സഹോദരൻ സജീവ് (49), കൊട്ടിയംമുക്ക് കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ ഷാനു (21) എന്നിവരെയാണ് അറസ്റ്റിലായത്. പകൽക്കുറി കല്ലറക്കോണം കിളിത്തട്ട് മുകളിൽ വീട്ടിൽ അൻസാബീവിയുടെ (70) പരാതിയിലാണ് അറസ്റ്റ്‌. പ്രതികളിലൊരാളായ ഷംനാദ് തന്റെ ഗുഡ്സ് ഓട്ടോ പരാതിക്കാരിയായ വൃദ്ധയുടെ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ സ്ഥിരമായി പാർക്ക് ചെയ്യുകയും ഇത് ചോദ്യം ചെയ്ത വൃദ്ധയെയും, മകനെയും, കൊച്ചു മകനെയും പ്രതികൾ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് വടികളും പൈപ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വൃദ്ധയുടെ വലതു കൈ മൂന്നായി ഒടിഞ്ഞു. കൊച്ചുമകൻ സഹിന്റെ മൂക്കിന്റെ പാലം തകർന്നു. വൃദ്ധയുടെ മകനും സാരമായി പരിക്കേറ്റിട്ടുണ്ട്. മൂവരെയും പള്ളിക്കൽ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളും സർക്കാരുദ്യോഗസ്ഥനുമായ ഷംനാദിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സി.പി.എം എൽ.സി സെക്രട്ടറി സ്റ്റേഷനിൽ നേരിട്ടെത്തിയത് വിവാദമായി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിന് എൽ.സി.സെക്രട്ടറി സജീബ് ഹാഷിമിനെതിരെയും പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.