തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും നഗരസഭയ്ക്കും എതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ എസ്‌.എ.ടി ആശുപത്രി ഹെൽത്ത്‌ എഡ്യൂക്കേഷൻ സൊസൈറ്റി ജീവനക്കാരന് സസ്‌പെൻഷൻ. ചീഫ്‌ ഫാർമസിസ്റ്റ്‌ കൂടിയായ എ. ബിജുവിനെയാണ്‌ സൊസൈറ്റി സെക്രട്ടറി അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌. എസ്‌.എ.ടി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമ്മിച്ച കെട്ടിടം കൈയേറിയത്‌ നഗരസഭ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. കുത്തക കമ്പനികളെ സഹായിക്കാൻ ആശുപത്രിയിലെ ഫാർമസി നഗരസഭ പൂട്ടിയെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്‌. കെട്ടിടം കൈയേറിയതായി നഗരസഭയ്ക്ക്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം ഒഴിപ്പിക്കാൻ തീരുമാനിച്ചത്. കൈയേറ്റക്കാർ വഴങ്ങാതായതോടെ മേയറുടെയും സ്‌റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ സൂപ്രണ്ട്‌, സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ മരുന്നുകൾ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വ്യാജ വാർത്തയ്‌ക്കെതിരെ മേയർ പൊലീസിലും, ആരോഗ്യ , തദ്ദേശ, സഹകരണ വകുപ്പുകൾക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഫാർമസിയുടെ ചാർജ്‌ സീനിയർ ഫാർമസിസ്‌റ്റ്‌ പി.എസ്‌. സുഭാഷിന്‌ കൈമാറാനും സെക്രട്ടറി നിർദേശിച്ചു.