കോവളം: ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 22 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി വെങ്ങാനൂർ വി.പി.എസ് ഹയർ സെക്കൻഡറി സ്കൂൾ. പനങ്ങോട്, തിരുവല്ലം, വെണ്ണിയൂർ, കോളിയൂർ, മുട്ടയ്ക്കാട്, വിഴിഞ്ഞം, കല്ലുവെട്ടാൻ കുഴി, ഹാർബർ, മുല്ലൂർ എന്നീ പ്രദേശങ്ങളിലെ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അദ്ധ്യാപകർ, പി.ടി.എ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ഫോൺ നൽകിയത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ വിതരണോദ്ഘാടനം നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് അദ്ധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ പി. വിൻസെന്റ്, പി.ടി.എ പ്രസിഡന്റ് ആർ. ജയകുമാർ, വൈസ് പ്രസിഡന്റ് ബർലിൻ സ്റ്റീഫൻ.കെ.എസ്, എക്സിക്യൂട്ടീവ് അംഗം എം.എസ്. പ്രസാദ്, സ്കൂൾ എച്ച്.എം ബിന്ദു എം.ആർ തുടങ്ങിയവർ പങ്കെടുത്തു.