പാലോട്: മാസങ്ങൾക്ക് മുൻപ് നിയന്ത്രണംവിട്ട മിനി വാൻ ഇടിച്ച് ആശുപത്രി ജംഗ്ഷനിലെ കാത്തിരിപ്പു കേന്ദ്രം തകർന്നിട്ടും അത് പുനനിർമ്മിക്കാത്തതിൽ പ്രതിഷേധം. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതു ജനത്തിന് മഴ പെയ്താൽ പോലും കയറി നിൽക്കാൻ ഒരു സ്ഥലമില്ലാത്ത നിലയിലാണ്. പാലോട് സർക്കാർ ആശുപത്രി, വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, പി.ഡബ്ലിയു.ഡി ഓഫീസ്, പൊലീസ് സ്റ്റേഷൻ, ഐ.ഒ.ബി. ബാങ്ക്, സ്കൗട്ട് സെന്റർ എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഏക കാത്തിരിപ്പു കേന്ദ്രമാണ് ഇവിടം.നിയന്ത്രണം വിട്ടു വന്ന മിനിലോറി ഇടിച്ച് തകർന്ന കാത്തിരിപ്പു കേന്ദ്രം പൊലീസ് ഇടപെട്ട് ഉടമയിൽ നിന്നും പുനർനിർമ്മിച്ചു നൽകാം എന്ന ഉറപ്പിലാണ് ലോറി വിട്ടയച്ചത്. അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ തുടയെല്ല് പൊട്ടിയ പേരയം സ്വദേശി ഇപ്പോഴും ചികിത്സയിലാണ്. തെങ്കാശി പാതയിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. കാത്തിരിപ്പു കേന്ദ്രം അടിയന്തിരമായി നിർമ്മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം.