
കൂടെയുണ്ടായിരുന്ന ഓരോരുത്തരായി വിടവാങ്ങുകയാണ്. പൂവച്ചൽ ഖാദറിന്റെ വിയോഗ വാർത്തയ്ക്ക് പിന്നാലെയാണ് ശിവൻ പോയതായി അറിഞ്ഞത്. ഒറ്റപ്പെടുകയാണെന്ന തോന്നൽ ശക്തമാവുകയാണ്.
ശിവൻ വെറും സുഹൃത്ത് മാത്രമല്ല, കുടുംബവുമായും നല്ല അടുപ്പമായിരുന്നു. പരിചയപ്പെട്ട നാളുമുതലേ ശിവനും കുടുംബവും തനിക്ക് പ്രിയപ്പെട്ടവരാണ്. ശിവന്റെ ഭാര്യയും എന്റെ ഭാര്യയും നല്ല സുഹൃത്തുക്കളായിരുന്നു. മക്കൾ തമ്മിലും അങ്ങനെതന്നെ. പരോപകാരിയായിരുന്നു ശിവൻ. മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യും. തിരുവനന്തപുരത്തെത്തിയാൽ ശിവന്റെ വീട്ടിലോ സ്റ്റുഡിയോയിലോ പോകാതെ മടങ്ങിയിട്ടില്ല. വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്നതും നിർബന്ധമായിരുന്നു. ശിവന്റെ ആതിഥ്യമര്യാദ എടുത്തുപറയേണ്ടതാണ്.
സിനിമയെപ്പറ്രി ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. കഥകൾ ചർച്ച ചെയ്യും. ശിവന്റെ കാമറകളും അനുബന്ധ ഉപകരണങ്ങളും എന്റെ നിരവധി സിനിമകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. വിയോഗവാർത്തയറിഞ്ഞ് സന്തോഷ് ശിവന് മെസേജ് അയച്ചു. ഒരു കാലഘട്ടത്തിന്റെ നിറമുള്ള ഒരുപാട് ഓർമ്മകൾ മനസിൽ ഉയരുന്നുണ്ട്. ഇനിയിപ്പോൾ കൂടുതൽ പറയുന്നതെന്തിനാണ്...സുഹൃത്തുക്കൾ ഒാരോരുത്തരായി പോകുമ്പോൾ മുൻപിൽ വലിയ ശൂന്യതയാണ്.