general

ബാലരാമപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന റോഡ് നവീകരണജോലികൾ വീണ്ടും സജീവമാകുന്നു. കാല‌വർഷം ശക്തികുറഞ്ഞതോടെ മരാമത്തിന്റെ കീഴിലെ റോഡുകളുടെ നവീകരണം പുനരാരംഭിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നവീകരിക്കുമെന്ന് അറിയിച്ചിട്ടും മാസങ്ങളോളം ടാറിംഗ് തടസ്സപ്പെട്ട പയറ്റുവിള- നെല്ലിമൂട് റോഡിന്റെ ടാറിംഗ് ജോലികൾ ഈമാസം അവസാനത്തോടെ ആരംഭിക്കുമെന്ന് മരാമത്ത് കാഞ്ഞിരംകുളം സെക്ഷൻ അറിയിച്ചു. സർക്കാരിന്റെ റോഡ് വർക്സിന്റെ ഭാഗമായി മൂന്ന് കോടി രൂപയാണ് പയറ്റുവിള-നെല്ലിമൂട് റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചിരുന്നത്. ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിയ നാല് ബില്ലുകൾ മരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും തുക പാസ്സാക്കിയില്ലെന്ന കാരണത്താൽ പണികൾ വൈകി. എം.എൽ.എ,​ കാഞ്ഞിരംകുളം സെക്ഷൻ അസി. എൻജിനീയർ എന്നിവരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ടാറിംഗ് ജോലികൾ പുനഃരാരംഭിക്കാൻ തീരുമാനമാവുകയായിരുന്നു.

 റീടാറിംഗ് ആരംഭിക്കുന്നത്........ പയറ്റുവിള- നെല്ലിമൂട് റോഡ്

 റോഡ് നിർമ്മാണത്തിന് അനുവദിച്ചിരുന്നത്....... 3 കോടി

 പരാതിക്ക് ഒടുവിൽ തീരുമാനം

ഉച്ചക്കട മുതൽ നെല്ലിമൂട് വരെ വാഹനയാത്രിക‌ർക്ക് വെല്ലുവിളിയായി അപകടക്കുഴികൾ നിറഞ്ഞിരിക്കുകയാണ്. നെല്ലിമൂട് പയറ്റുവിള റോഡിൽ നെല്ലിമൂടിന് സമീപം റോഡിന് കുറുകെ ഓടനിർമ്മിച്ച് ടാറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചതുമൂലവും വൻ കുഴികൾ രൂപപ്പെട്ടിരുന്നു. റോഡ് നവീകരണം മുടങ്ങിയതിനെതിരെ വി.എസ്.ഡി.പി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് സംഘടനാ ഭാരവാഹികൾ പരാതി അറിയിച്ചു. റോഡ് നവീകരണം നീളുന്നതിനെതിരെ കേരളകൗമുദിയും വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് റോഡ് നവീകരണം തുടങ്ങാൻ തീരുമാനമായത്.

 കാഞ്ഞിരംകുളം സെക്ഷൻ അധികൃതരുടെ നടപടി സ്വാഗതാർഹമാണെന്ന് വി.എസ്.ഡി.പി ജില്ലാ സെക്രട്ടറി പുലിയൂർക്കോണം ഷാജി പറഞ്ഞു. പയറ്റുവിള – നെല്ലിമൂട് റോഡിൽ മൂന്ന് കിലോമീറ്ററോളം ഭാഗമാണ് നവീകരിക്കുന്നത്. ചില ഭാഗങ്ങളിൽ ഓടനവീകരണം ഒഴിവാക്കിയതിനെതിരെ പരാതിയുയർന്നിട്ടുണ്ട്.

ടാറിംഗ് ഉടൻ

നെല്ലിമൂട് –പയറ്റുവിള റോഡിന്റെ ടാറിംഗ് ഈ മാസം അവസാനത്തോടെ തുടങ്ങും. കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ അടിയന്തമായി മെറ്റലിട്ട് നികത്തും. ഓടനിർമ്മാണം ഒഴിവാക്കിയ സ്ഥലങ്ങളിൽ പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തി ഓട നവീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് തടസ്സങ്ങളില്ലാതെയാണ് റോഡിന്റെ നിർമ്മാണജോലികൾ പുരോഗമിക്കുന്നത്.

മരാമത്ത് അസി.എൻജിനീയർ.കാഞ്ഞിരംകുളം സെക്ഷൻ.