thanalmaram

മുടപുരം: അപകടക്കെണിയായി റോഡരുകിൽ സ്ഥിതിചെയ്യുന്ന മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചിറയിൻകീഴ് - കണിയാപുരം പി.ഡബ്ലിയു.ഡി റോഡിൽ പെരുങ്ങുഴി സർവീസ് സഹകരണ ബാങ്കിന് സമീപം സി.ഒ നഗറിൽ നിൽക്കുന്നതാണ് ഈ മരം. നാല്പതു വർഷത്തിന് മേൽ പഴക്കമുള്ള ഈ മരത്തിന്റെ പല ശിഖരങ്ങളും ഉണങ്ങി ഒടിഞ്ഞു വീഴാൻ തുടങ്ങി. ഇതിൽ വലിയൊരു കടന്നൽക്കൂടും സ്ഥിതി ചെയ്യുന്നുണ്ട്.

ഒന്നര ആഴ്ച മുൻപ് റോഡിലൂടെ പോയ വലിയൊരു പിക്കപ്പ് വാനിന്റെ മുകളിൽ ഒരു ശിഖരം ഒടിഞ്ഞു വീഴുകയും വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ മരത്തിനടുത്ത് ബസ് കാത്തിരുപ്പ് കേന്ദ്രമുണ്ട്. കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം യാത്രക്കാരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്.

മരത്തിനടുത്ത് കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റും സ്ഥിതിചെയ്യുന്നുണ്ട്. ഈ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഒട്ടേറെ തവണ ഇലക്ട്രിക് ലൈൻ പൊട്ടുകയും ഇലക്ട്രിക് തകരാറുകൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പോസ്റ്റിനു കേടുപാട് പറ്റിയതിനാൽ പോസ്റ്റ് മാറ്റിസ്ഥാപിക്കേണ്ടിയും വന്നു. അതിനാൽ ഇനിയും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മരം മുറിച്ചു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി പി. പ്രശാന്ത് ആവശ്യപ്പെട്ടു.