sibi-mathew

സ്‌മാർട്ട് വിജയൻ ഒന്നാം പ്രതി

സിബി മാത്യൂസും ആർ. ബി ശ്രീകുമാറും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശപ്രകാരം എെ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ, സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും ഉൾപ്പെടെ പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും 18 മുൻ ഉദ്യോഗസ്ഥരെ പ്രതികളാക്കി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.എെ.ആർ സമർപ്പിച്ചു.

അന്ന് സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്.വിജയൻ എന്ന സ്മാർട്ട് വിജയൻ ആണ് ഒന്നാം പ്രതി. വഞ്ചിയൂർ എസ്.ഐ ആയിരുന്ന തമ്പി എസ്. ദുർഗ്ഗാദത്ത് രണ്ടാം പ്രതിയും സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി.ആർ.രാജീവൻ മൂന്നാം പ്രതിയും, ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്.

ഡിവൈ. എസ്.പി ആയിരുന്ന കെ.കെ.ജോഷ്വ അഞ്ചാം പ്രതിയും സ്റ്റേറ്റ് ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രവീന്ദ്രൻ ആറാം പ്രതിയും ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ ഏഴാം പ്രതിയുമാണ്.

മുൻ അസിസ്​റ്റന്റ് ഡയറക്ടർ സി.ആർ. ആർ നായർ, ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാരായിരുന്ന ജി.എസ്. നായർ,കെ.വി.തോമസ്, ജോൺ പുന്നൻ, അസിസ്​റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാരായിരുന്ന പി.എസ്.ജയപ്രകാശ്, ഡിന്റാ മത്യാസ്, ക്രൈം ബ്രാഞ്ച് എസ്.പി ആയിരുന്ന ജി. ബാബുരാജ്, എസ്.ഐ ആയിരുന്ന എസ്. ജോഗേഷ്, ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡയറക്ടർ മാത്യൂ ജോൺ, ഉദ്യോഗസ്ഥനായിരുന്ന ബേബി ,സ്‌​റ്റേ​റ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന വി.കെ.മായ്‌നി എന്നിവരാണ് മറ്റ് പ്രതികൾ.

കേസിന്റെ തുടക്കം

1994 ഒക്ടോബർ 20 ന് വിസ കാലാവധി കഴിഞ്ഞ, മാലിയിലെ പൊലീസ് കോൺസ്റ്റബിളായിരുന്ന മറിയം റഷീദയെ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് സ്‌മാർട്ട് വിജയൻ അറസ്​റ്റ് ചെയ്തതോടെയാണ് ചാരക്കേസിന്റെ തുടക്കം. ശാസ്‌ത്രജ്ഞരായ

നമ്പി നാരായണൻ, ഡി.ശശികുമാർ എന്നിവരുടെ സഹായത്തോടെ ക്രയോജനിക് വിദ്യ മറിയം റഷീദ, സഹായി ഫൗസിയാ ഹസൻ എന്നിവർക്ക് ലഭിച്ചെന്നായിരുന്നു കേസ്. ബംഗളൂരുവിലെ വ്യവസായി കെ.ചന്ദ്രശേഖർ, സുഹൃത്ത് സുധീർ കുമാർ ശർമ്മ എന്നിവർക്ക് പങ്കുണ്ടെന്നും പറഞ്ഞിരുന്നു.

സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മി​റ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം. രഹസ്യാത്മകത സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശമുളളതിനാൽ എഫ്.ഐ.ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. ആദ്യഘട്ടമായാണ് കേന്ദ്ര ഇന്റലിജൻസ്, സംസ്ഥാന ഇന്റലിജൻസ്, ക്രൈംബ്രാഞ്ച്, പൊലീസ് എന്നിവയിലെ 18 മുൻ ഉദ്യോഗസ്ഥരെ പ്രതികളാക്കിയത്. കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് സൂചന.

എട്ട് വകുപ്പുകൾ

ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, അപകീർത്തിപ്പെടുത്തൽ, മർദ്ദനം തുടങ്ങി എട്ട് വകുപ്പുകൾ. നമ്പിനാരായണനെയും മറ്റും അപമാനിക്കാനും കു​റ്റക്കാരായി ചിത്രീകരിക്കാനുമായി വ്യാജരേഖകളും തെളിവുകളുമുണ്ടാക്കി. അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ച് കു​റ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചു.