palod

വെമ്പായം: രാജ്യദ്രോഹത്തിനു തുല്യമായ വനം കൊള്ളയ്ക് അനുമതി നൽകിയ മുൻവനം, റവന്യൂമന്ത്രിമാരെ കേസിൽ കൂട്ടുപ്രതികളാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട്‌ രവി ആവശ്യപ്പെട്ടു. വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ എട്ടു ജില്ലകളിലായി നടന്ന വനംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പിരപ്പൻകോട് വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് മാണിക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറുകാരേയും ഉദ്യോഗസ്ഥരേയും ഉപയോഗപ്പെടുത്തി നടന്ന വൻ ഗൂഢാലോചനയിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വെമ്പായം പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെമ്പായം മനോജ്, നേതാക്കളായ പള്ളിക്കൽ നസീർ, കൂരുപറമ്പിൽ ദാമോദരൻ, അലി കുഞ്ഞ്, അഫ്സർ, ശ്രീകല, കുന്നിട അജി, ഇർഷാദ് എന്നിവർ പങ്കെടുത്തു.