നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി അൻപതോളം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. പി.എം സുൽത്താൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. സി.പി.ഐ നെടുമങ്ങാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ബ്രാഞ്ചുകളിലാണ് പ്രവർത്തകർ പുതിയതായി ചേർന്നത്. നഗരസഭാ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി അഹമ്മദ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരിഫ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ്.ആർ. വിജയൻ, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ. സാം, ജില്ലാ കമ്മിറ്റി അംഗം എസ്. ഷമീർ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ, ബബലു എസ്. നായർ, തമ്പി എന്നിവർ പങ്കെടുത്തു. പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മണ്ണറ, മഞ്ഞമല പ്രദേശങ്ങളിൽ നിന്ന് സി.പി.ഐയിൽ ചേർന്ന അറുപതോളം പ്രവർത്തകരെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അംഗത്വം നൽകി സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരിഫ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ആർ വിജയൻ, ആർ. അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എ ശുക്കൂർ, ആർ. സജീഷ് കുമാർ, വേങ്ങോട് സുധീഷ് എന്നിവർ പങ്കെടുത്തു.