നെയ്യാറ്റിൻകര: നൂറാം ജന്മദിനത്തിൽ ഗാന്ധിയൻ പി. ഗോപിനാഥൻ നായർക്ക് ജന്മനാടിന്റെ സ്നേഹാദരവ്. പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവുമായ പി. ഗോപിനാഥൻ നായരുടെ ജന്മദിനം ജൂലായ് 7നാണെങ്കിലും മിഥുനമാസത്തിലെ തൃക്കേട്ട നക്ഷത്രമാണ് ജന്മനാളായി ആഘോഷിക്കുന്നത്. അഖിലേന്ത്യാ ഗാന്ധിസ്മാരക നിധിയുടെ തുടക്കം മുതൽ സേവനം അനുഷ്ഠിച്ചവരിൽ എറ്റവും മുതിർന്ന പ്രവർത്തകനാണ് പി. ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിലും നിസ്തുല പങ്ക് വഹിച്ചിട്ടുണ്ട്. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ നടന്ന സിഖ് ഹിന്ദ് സംഘർഷത്തിൽ ശാന്തിയുടെ സന്ദേശവാഹകനായി മുൻനിരയിലും അദ്ദേഹമുണ്ടായിരുന്നു. തികഞ്ഞ ഗാന്ധിമാർഗ പ്രവർത്തനത്തിലധിഷ്ഠിതമായ ജീവിതമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ജന്മദിനാഘോഷവേളയിൽ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി, ഗവർണർ, എ.കെ. ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ ഫോണിലൂടെ ജന്മദിനാശംസകൾ അറിയിച്ചു. പി. ഗോപിനാഥൻ നായരുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധിമാർഗ പ്രവർത്തനങ്ങൾക്ക് കെ. ആൻസലൻ എം.എൽ.എ തുടക്കം കുറിച്ചു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ഗാന്ധിയന്റെ നാരായണീയം വീട്ടിലെത്തി കെ. ആൻസലൻ എം.എൽ.എ സംസ്ഥാന സർക്കാരിന് വേണ്ടി ഗാന്ധിയനെ പൊന്നാട അണിയിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, സേവാസാധന കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത്, അഡ്വ. ആർ.എസ്. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടികൾ, തണ്ണീർത്തട - കാവ് സംരക്ഷണം, അവശ ജനങ്ങൾക്കായുള്ള പദ്ധതികൾ, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ നിരവധി പദ്ധതികൾ സംഘടിപ്പിക്കുമെന്ന് ഗാന്ധിമിത്രമണ്ഡലം ഭാരവാഹിയായ രാജ് മോഹൻ അറിയിച്ചു. ഫ്രാനിന്റെ നേതൃത്വത്തിൽ ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി. നായർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, രക്ഷാധികാരിമാരായ കൂട്ടപ്പന മഹേഷ്, എം. സുധാകരൻ, ടി. മുരളിധരൻ, എം. രവീന്ദ്രൻ, തിരുപുറം ശശികുമാരൻ നായർ, നിലമേൽ മുരളിധരൻ നായർ, ജി. പരമേശ്വരൻ നായർ, എസ്. മോഹനകുമാർ, എം.കെ. പ്രമീഷ്, എന്നിവർ വീട്ടിലെത്തി ആദരിച്ചു.
ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ആർ. രാജേഷിന്റെ നേതൃത്വത്തിൽ ചെങ്കൽ രാജശേഖരൻ നായർ പൊന്നാട ചാർത്തിയും മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവചരിത്രവും നൽകി ആദരിച്ചു. എൻ.കെ. ശശി, കൗൺസിലർ കൂട്ടപ്പന മഹേഷ്, കൃഷ്ണകുമാർ, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
മുൻമന്ത്രി വി.എസ്. ശിവകുമാർ, എം. വിൻസന്റ് എം.എൽ.എ, സോളമൻ അലക്സ്, നിംസ് എം.ഡി എം.എസ് ഫൈസൽഖാൻ, കോട്ടുകാൽ കൃഷ്ണകുമാർ, ഗാന്ധി മാത്ര മണ്ഡലം ചെയർമാൻ, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, അഡ്വ. ബി. ജയചന്ദ്രൻ നായർ, ബിനു മരുതത്തൂർ, എസ്. സുരേഷ് കുമാർ, ജയരാജ് വേണുഗോപാൽ, ക്യാപ്പിറ്റൽ തുടങ്ങിയവർ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മാദിനാശംസകൾ നേർന്നു.
ക്യാപ്ഷൻ: ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ നൂറാം ജന്മദിനത്തിൽ ആൻസലൻ എം.എൽ.എ സംസ്ഥാന സർക്കാരിനുവേണ്ടി അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നു