നെടുമങ്ങാട്: ഞാറ്റുവേല വിത്തു കൈമാറ്റവും നൂറുമേനികൃഷി ചിത്രീകരണവുമായി ആനാട്ട് കർഷകരുടെ ആഘോഷ പൊടിപൂരം. സംസ്ഥാന കൃഷിവകുപ്പിന്റെ മാദ്ധ്യമ വിഭാഗമായ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നൂറുമേനി കൃഷി ചിത്രീകരണത്തോടനുബന്ധിച്ചാണ് ഞാറ്റുവേലക്കൃഷി ആഘോഷം അരങ്ങേറിയത്. അണ്ടൂർക്കോണം പള്ളിപ്പുറം പാടത്ത് കൃഷി-ഭക്ഷ്യ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന സംസ്ഥാനതല ഞാറ്റുവേലച്ചന്തയിൽ തിരുവാതിരക്കൃഷിരീതികളുമായി ആനാട്ടെ കർഷകരായ കെ. രാധാകൃഷ്ണൻ , ശക്തിപുരം ഷിബു എന്നിവർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ചിത്രീകരണം ആനാട്ടേയ്ക്ക് മാറ്റിയത്. വഞ്ചുവം കൂപ്പിൽ ഓണക്കൃഷി ചെയ്ത വിൻസന്റ്, സെൽവൻ, നെൽസൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളും ഇക്കോ ഷോപ്പിലെ നടീൽ വസ്തുക്കളുടെ പ്രദർശന വിപണനവും ചിത്രീകരിച്ചു. ശക്തിപുരം ഷിബുവിന്റെ മേൽനോട്ടത്തിൽ മുപ്പത് സെന്റ് കൃഷിഭൂമിയിൽ കരനെല്ല്, കുരുമുളക്, ഇഞ്ചി, വാഴ, കാച്ചിൽ, ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയവയുടെ നടീലും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ഞാറ്റുവേലകൃഷി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ശ്രീകല, കവിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി, കൃഷി ഓഫീസർ എസ്. ജയകുമാർ, കൃഷി അസിസ്റ്റന്റ് ഏ.എൻ. നിബു, ഇക്കോഷോപ്പ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, കർഷക പ്രതിനിധി മൂഴി ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. തലമുതിർന്ന കർഷകൻ വേട്ടമ്പള്ളി സുകുമാരൻ നായരെ പൊന്നാട ചാർത്തലും ഞാറ്റുവേല നമസ്ക്കാരവും നടന്നു.