gaganyan

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ ഇൗ വർഷത്തെ വിക്ഷേപണങ്ങളും താളം തെറ്റിയെങ്കിലും അഭിമാനപദ്ധതിയായ ഗഗൻയാന്റെ പ്രവർത്തനം ലോക്ക് ഡൗണിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ. ഡിസംബറിലാണ് ഗഗൻയാനിന്റെ നിർണയാക ഘട്ടമായ ആളില്ലാതെയുള്ള പരീക്ഷണ വിക്ഷേപണം നടത്തേണ്ടത്.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക സംവിധാനങ്ങളിലൂടെ ഇന്ത്യക്കാരനെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കുകയാണ് പദ്ധതി. 2022ൽ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 10,000 കോടി രൂപയാണ് ചെലവ്. പേടകത്തെ തിരിച്ചെത്തിക്കുന്ന റീഎൻട്രി, വാഹനം സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്യിക്കുന്ന പാഡ് അബോർട്ട് എന്നിവ 2014ലും 2018ലുമായി പൂർത്തിയാക്കി. ഇനി രണ്ട് ആളില്ലാ ക്രൂമൊഡ്യൂൾ വിക്ഷേപണങ്ങളാണ് അവശേഷിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഇൗ വർഷം നടത്തേണ്ടത്.

ലോക്ക് ഡൗൺ കാരണം കഴിഞ്ഞ വർഷം ഐ.എസ്.ആർ.ഒയുടെ വിക്ഷേപണങ്ങൾ പന്ത്രണ്ടിൽ നിന്ന് മൂന്നായി ചുരുക്കിയിരുന്നു. ഇൗ വർഷം ഫെബ്രുവരി 28ന് പി.എസ്.എൽ.വി.സി.51ൽ ആമസോണിയ മാത്രമാണ് വിക്ഷേപിച്ചത്. മാർച്ച് 28ന് നിശ്ചയിച്ചിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹം ജിസാറ്റ് 1ന്റെ വിക്ഷേപണം സാങ്കേതിക കാരണങ്ങളെൽ ഏപ്രിൽ 18ലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും കൊവിഡ് വ്യാപനം രൂക്ഷമായി. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ.01 ഉപഗ്രഹം അയയ്ക്കാനും, ഗഗൻയാന് തുടക്കംകുറിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണം നടത്താനും ചന്ദ്രയാൻ 3 വിക്ഷേപണത്തിനും പദ്ധതിയിട്ടിരുന്നു. എന്നാലിവ ഇൗ വർഷം നടത്താനാകുമെന്ന് പ്രതീക്ഷയില്ല.

 മുൻവർഷങ്ങളിലെ വിക്ഷേപണം

2016 - എട്ട്

2017 - എട്ട്

2018 - ഒമ്പത്,

2019 - ഏഴ്

2020 - മൂന്ന്

2021 - ഒന്ന് (ഇതുവരെ)

ഇൗ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന വിക്ഷേപണങ്ങൾ

 ഏപ്രിൽ- ജിയോ ഇമേജിംഗിനുള്ള ജിസാറ്റ് 01

 ഏപ്രിൽ-ഭൗമനിരീക്ഷണത്തിനുള്ള ഇ.ഒ.എസ്.02 ആർ.ഐ.സാറ്റ്

 ജൂലായ്- റിമോട്ട് സെൻസിംഗിനുള്ള ഇ.ഒ.എസ്.04

 ജൂലായ്- ന്യൂസ്‌പെയ്സിന്റെ വാണിജ്യവിക്ഷേപണം

 ഒക്ടോബർ- സമുദ്രപഠനത്തിനുള്ള ഇ.ഒ.എസ്.06 ഒാഷൻസാറ്റ്

 നവംബർ- ഗതിനിർണയ ഉപഗ്രഹം. എൻ.വി.എസ്.01

 ഡിസംബർ- ഗഗൻയാൻ പരീക്ഷണ വിക്ഷേപണം