നെടുമങ്ങാട്: പഠന സഹായ പദ്ധതികൾ, വായനാ സാമഗ്രികൾ, ഗണിതശാസ്ത്ര ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ, ഡിവൈസുകൾ, അദ്ധ്യാപകരുടെ ഗൃഹസന്ദർശനം എന്നീ ക്രമീകരണങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് സജ്ജീകരിക്കുന്ന "വീട്ടിൽ ഒരു വിദ്യാലയം" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇതിന്റെ ഭാഗമായി വീട്ടിൽ ഒരു ലൈബ്രറി ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പഠന, ലൈബ്രറി സാമഗ്രികളുടെ വിതരണവും നടന്നു. കെ.എസ്.ടി.എ പ്രസിഡന്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നെടുമങ്ങാട് താലൂക്ക് ഗവൺമെന്റ് സെർവെന്റ്സ് കോ - ഓപ്പറേറ്റീവ് പ്രസിഡന്റ് ജി. സുനിൽ കുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.