നീണ്ട പത്ത് മാസങ്ങൾക്ക് ശേഷം വീണ്ടും സർവീസ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലുതും ഭാരംകൂടിയതുമായ ചരക്കുവിമാനമായ ആന്റനോവ് എഎൻ - 225. കൊവിഡ് പശ്ചാത്തലത്തിൽ സർവീസ് താത്കാലിമായി നിറുത്തിയതിന് ശേഷമുള്ള ആന്റനോവിന്റെ ആദ്യ യാത്ര യുക്രെയ്‌നിലെ കീവിലുള്ള ഗോസ്റ്റോമൽ ആന്റനോവ് എയർപോർട്ടിൽ നിന്നായിരുന്നു. ചൊവ്വാഴ്ച കാബൂൾ വിമാനത്താവളത്തിലേക്കായിരുന്നു ആന്റനോവിന്റെ ആദ്യ പറക്കൽ. കഴിഞ്ഞ ഓഗസ്റ്റിൽ ടെൽ അവീവിലേക്കാണ് ആന്റനോവ് അവസാനമായി പറന്നത്.
സോവിയറ്റിന്റെ കരുത്ത്
1980കളിൽ സോവിയറ്റ് കാലഘട്ടത്തിലാണ് ആന്റനോവിന്റെ നിർമ്മാണം. 1988ലായിരുന്നു ആന്റനോവിന്റെ ആദ്യ പറക്കൽ. അതേ സമയം, ആന്റനോവിന്റെ ആദ്യ കൊമേഴ്ഷ്യൽ ഫ്ലൈറ്റ് 2002ൽ ജർമ്മനിയിൽ നിന്ന് ഒമാനിലേക്കായിരുന്നു. യുക്രെയ്‌നിലെ ആന്റനോവ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഈ പടുകൂറ്റൻ വിമാനം അടിയന്തിരഘട്ടങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ഭാഗമാകാറുണ്ട്. വിൻഡ് ടർബൈൻ ബ്ലേഡുകൾ മുതൽ ഗ്യാസ് പവർ പ്ലാന്റുകൾക്കായുള്ള ജനറേറ്റർ തുടങ്ങി എല്ലാവിധ ചരക്കുകളും ആന്റനോവ് വഹിച്ചിട്ടുണ്ട്.
32 വീലുകളും ആറ് എൻജിനുകളുമുള്ള ആന്റനോവിന് ' മ്രിയ " എന്നൊരു പേര് കൂടിയുണ്ട്. ' സ്വപ്നം " എന്നാണ് മ്രിയ എന്ന വാക്കിനർത്ഥം. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോർഡ് വഹിക്കുന്ന ആന്റനോവ് എഎൻ - 225 മ്രിയ ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനവുമാണ്. ഇന്ന് സർവീസിലുള്ളതിൽ വച്ച് ലോകത്ത് ഏറ്റവും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും ആന്റനോവിനാണ്.
കൊവിഡിനെതിരെ
ഏറ്റവുമൊടുവിൽ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ആന്റനോവ് പറന്നത്. ചൈനയിൽ നിന്ന് 70 ലക്ഷം മാസ്കുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി പോളണ്ടിലേക്ക് കഴിഞ്ഞ വർഷം ഏപ്രിലിൽ ആന്റനോവ് പറന്നിരുന്നു. രണ്ടു വർഷത്തെ മോഡേണൈസേഷൻ പ്രവൃത്തികൾക്കായി സർവീസ് താത്കാലികമായി നിറുത്തിവച്ച ശേഷം ആദ്യമായിട്ടായിരുന്നു ആന്റനോവ് അന്ന് വീണ്ടും ആകാശത്തെ തൊട്ടത്.
തുടക്കം
സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബുറാൻ ക്ലാസ് ഓർബിറ്ററുകളെയും റോക്കറ്റുകളെയും വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റനോവ് നിർമ്മിക്കപ്പെട്ടത്. ഇതിനായി ഉപയോഗിച്ചിരുന്ന ആന്റനോവ് 124 എന്ന വിമാനത്തിന്റെ വലിയ പതിപ്പായിട്ടാണ് 1988ൽ ആന്റനോവ് 225നെ അവതരിപ്പിച്ചത്. റോക്കറ്റുകളെയും ബഹിരാകാശ പദ്ധതിയുടെ ഭാഗമായ മറ്റ് ഭാരമേറിയ വസ്തുക്കളെയും ചുമക്കേണ്ടതിനാൽ വളരെ കരുത്തുറ്റ രൂപകല്പനയോടെയാണ് ആന്റനോവിനെ അവതരിപ്പിച്ചത്.
എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ 90കളിൽ ആന്റനോവിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നെങ്കിലും വലിയ കാർഗോകളെ വഹിക്കാൻ ആവശ്യമായി വന്നതോടെ പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയായിരുന്നു. ആന്റനോവിന്റെ നിർമ്മാണം നടന്നത് യുക്രെയ്‌നിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നതിനാൽ സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ടതോടെ ആന്റനോവ് യുക്രെയ്‌നിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു. ആന്റനോവിന്റെ ഭാരമേറിയ വസ്തുക്കളെ വഹിക്കാനുള്ള ശേഷിയെ പ്രയോജനപ്പെടുത്തുന്നതിന് പകരം ആദ്യമൊക്കെ അതിനെ എയർ ഷോകളിലും എക്സിബിഷനുകളിലും പ്രദർശിപ്പിക്കുകയായിരുന്നു യുക്രെയ്ൻ ചെയ്തത്.
വീണ്ടും...
ഒടുവിൽ, 2001ൽ ആന്റനോവ് 225നെ ആന്റനോവ് വിമാന കമ്പനി അറ്റക്കുറ്റപ്പണികൾ നടത്തി മിനുക്കിയെടുത്ത് ചരക്കു വിമാനമായി മടക്കിക്കൊണ്ടു വരികയായിരുന്നു. 2001 സെപ്റ്റംബർ 11ന് നാല് ബാറ്റിൽ ടാങ്കുകളുമായിട്ടായിരുന്നു ആന്റനോവ് പറന്നുയർന്നത്. 253.82 ടൺ ആയിരുന്നു ആന്റനോവ് അന്ന് ആകെ വഹിച്ചിരുന്ന ഭാരം. ലോകത്ത് ഇത്രയും കൂടുതൽ ഭാരം ഒരു ചരക്കുവിമാനം വഹിക്കുന്നത് തന്നെ ആദ്യമായിട്ടായിരുന്നു.
എന്നാൽ, ഇതൊക്കെ ആന്റനോവിന് വളരെ നിസാരമാണ്. കാരണം, പരമാവധി 640 ടൺ ഭാരം വഹിക്കാൻ 84 മീറ്റർ നീളമുള്ള ആന്റനോവിന് നിശ്പ്രയാസം സാധിക്കും. 2001ൽ മടങ്ങിയെത്തുന്നത് വരെയുള്ള കാലയളവിൽ ആന്റനോവിനെ വെല്ലാൻ ശേഷിയുള്ള ഒരു വിമാനം ലോകത്ത് ഉണ്ടായില്ല എന്നത് ആന്റനോവിനെ വ്യത്യസ്തമാക്കുന്നു. അന്ന് മുതൽ ആകാശത്ത് എതിരാളികളില്ലാതെ മുന്നേറുന്ന ആന്റനോവ് 2030കളിലും സർവീസ് തുടരുമെന്നാണ് കണക്കുകൂട്ടൽ.