nirmmal-krishna

പാറശാല: പളുങ്കൽ നിർമ്മൽ കൃഷ്ണ ചിട്ടി കമ്പനിയിലെ നിക്ഷേപകരിൽ നിന്ന് ലോക്കൽ പൊലീസ് മൊഴിയെടുത്തുതുടങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെതന്നെ അന്വേഷണവും തുടർനടപടികളും നടത്തിവന്നിരുന്ന തമിഴ്നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഇ.ഒ.ഡബ്ല്യു) നടപടികൾ തൃപ്തികരമല്ലെന്നും അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കേണ്ടതാണെന്നും നിക്ഷേപകരുടെ സംരക്ഷണ സമിതി പ്രധാനമന്ത്രി, ഗവർണർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിതിനെ തുടർന്നാണ് നടപടികൾ.

ചിട്ടി ഉടമ നിർമ്മലന്റെ ഉടമസ്ഥതയിൽ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായുള്ള വസ്തുവകകൾ കണ്ടുകെട്ടുന്നതിന് അന്വേഷണ ഏജൻസി തയ്യാറാകാത്തതു കാരണം അവ ബിനാമികളെ ഉപയോഗിച്ച് നിർമ്മലൻ കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തേണ്ടതാണെന്ന പരാമർശം ഉണ്ടായതിനെ തുടർന്നാണ് നാല് വർഷത്തോളം മിണ്ടാതിരുന്ന തമിഴ്നാടിന്റെ ലോക്കൽ പൊലീസും സമാന്തരമായി ഇപ്പോൾ അന്വേഷണത്തിന് രംഗത്തുവന്നത്.

കളിയക്കാവിള സി.ഐ എഴിൽ അരസിയാണ് കഴിഞ്ഞ ദിവസം പളുകൽ സ്റ്റേഷനിലെത്തി നിക്ഷേപകരുടെ സമിതി ഭാരവാഹികൾ നിന്ന് മൊഴിയെടുത്തത്. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയശേഷം കേരളത്തിലും മറ്റുമുള്ള വസ്തുക്കൾ വലിയ തോതിൽ വിറ്റഴിക്കുന്നതായും നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ഈ വിഷയം നേരത്തെ കേസന്വേഷണം നടത്തിവന്ന ഇ.ഒ.ഡബ്ല്യു വിഭാഗത്തെ അറിയിച്ചപ്പോൾ യാതൊരു നടപടികളും സ്വീകരിക്കാത്തത് പ്രതികളെ സഹായിക്കുന്നതിന് തുല്യമാണെന്നും സമിതി ഭാരവാഹികൾ മൊഴി നൽകി.

ഫോട്ടോ: പളുങ്കൽ നിർമ്മൽ കൃഷ്ണ ചിട്ടി കമ്പനിയിലെ 15000 ഓളം നിഷേപകരിൽ നിന്നായി 600 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടിലെ പളുങ്കൽ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ നിക്ഷേപകരുടെ സംരക്ഷണസമിതി ഭാരവാഹികൾ