കോവളം: വെങ്ങാനൂർ സ്വദേശി അർച്ചന ദുരൂഹാസാഹചര്യത്തിൽ തീപൊള്ളലേറ്റ് മരിച്ചക്കേസ് ഏറ്റെടുത്ത് ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇന്നലെ അർച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തിയ സംഘം അർച്ചനയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. അന്വേഷണത്തിന്റെ മേൽനോട്ടമുള്ള സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ആരിഫ്, ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ജോൺസൻ ചാൽസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെങ്ങാനൂരിലെത്തിയത്.

രാവിലെ 11ഓടെ അർച്ചനയെ മരിച്ചനിലയിൽ കണ്ട വാടക വീട്ടിലാണ് സംഘം ആദ്യമെത്തിയത്. അവിടെ നാട്ടുകാരെയും അയൽവാസികളെയും കണ്ട് മൊഴിയെടുത്തശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വെങ്ങാനൂരിലെ വീട്ടിലെത്തി. മൂന്ന് മണിക്കൂറോളം ചെലവഴിച്ചാണ് അർച്ചനയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കാനുണ്ടെന്നും ഫോറൻസിക് പരിശോധനാറിപ്പോർട്ടുകളും പോസ്റ്റുമാർട്ടം റിപ്പോർട്ടും കൂടി ലഭിച്ചശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും അന്വേഷണ സംഘം അറിയിച്ചു.