തിരുവനന്തപുരം: കിള്ളിപ്പാലം ജംഗ്ഷന് സമീപത്തെ ടയർ കടയിൽ തീപിടുത്തമുണ്ടായി. ലക്ഷക്കണത്തിന് രൂപയുടെ ടയർ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ കട പൂർണമായി കത്തി നശിച്ചില്ല. സമീപത്തെ ഓയിൽ കടയിലേക്ക് തീ പടരാത്തതും വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 7.15 ഓടെ കിള്ളിപ്പാലത്തെ മൊത്ത വ്യാപാര ടയർ കടയായ ഭഗവതി ടയേഴ്സിലാണ് തീപിടിത്തമുണ്ടായത്. ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റിന്റെ സഹായത്തോടെ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. മൂന്ന് നിലയുള്ള കടയിലെ മൂന്നാമത്തെ നിലയിലേക്ക് തീപടരാതെ അണയ്ക്കാൻ കഴിഞ്ഞതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ തുറന്ന് പ്രവർത്തിച്ച കട ഏഴ് മണിയോട അടച്ച് ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു തീപിടിത്തം. ടയറുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന കടയിൽ നാശനഷ്ടം എത്രയാണെന്ന് കൃത്യമായ കണക്കെടുപ്പിന് ശേഷമേ അറിയാൻ കഴിയൂ. സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അജികുമാർ, ടി.ജി. ബിജു, വിഷ്ണു.വി.നായർ, കിരൺ, സന്തോഷ്,അനിൽ,ബിജു എന്നിവരടങ്ങുന്ന സംഘമാണ് തീകെടുത്തിയത്.