പേരാമ്പ്ര: കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് നെറ്റ് വർക്ക് ദുർബലമായതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം പ്രതിസന്ധിയിൽ. പേരാമ്പ്ര വില്ലേജിലെ കിഴക്കൻ പേരാമ്പ്ര, കഞ്ഞോത്ത്, പൈതോത്ത്, താനിക്കണ്ടി മേഖലയിലും ഗ്രാമ പഞ്ചായത്തിലെ അതിർത്തി പങ്കിടുന്ന പത്താം വാർഡും പേരാമ്പ്രയോട് തൊട്ടടുത്ത് കിടക്കുന്ന പൈതോത്ത് ടൗണും പള്ളിത്താഴ, കുടിയാളൻകണ്ടി, വണ്ണത്താങ്കണ്ടിതാഴ, കൂത്താളി ഹൈസ്‌കൂൾ ജംഗ്ഷൻ, പള്ള്യാർകണ്ടി വെള്ളപ്പാറക്കൽ, കാപ്പുമ്മൽ, പൂളച്ചാൽ, മോയോർകുന്ന് പള്ളിയാറക്കണ്ടി, മലപ്പാടിക്കണ്ടി താഴ, നിരവത്ത് താഴെ, പുത്തൻപുരക്കൽ താഴെ, മുതുവന താഴ, പാറാട്ടുപാറ, മുണ്ടൊട്ടിൽ തുടങ്ങിയ ഗ്രാമങ്ങളിലാണ് നെറ്റ് വർക്ക് കിട്ടാത്തത്.
പൈതോത്ത് മേഖലയിൽ മാസങ്ങളായി പ്രതിസന്ധി രൂക്ഷമാണ്. രണ്ടാം വർഷവും വിദ്യാലയങ്ങൾ തുറന്ന് ഓൺലൈൻ പഠനം പുനരാരംഭിച്ചത് മുതൽ വിദ്യർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും ആശങ്കയിലാണ്. ടി.വിയിൽ കണ്ടുപഠിക്കണമെങ്കിൽ കൃത്യമായി തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കണം. കാലവർഷാരംഭത്തിൽ വൈദ്യുതി പലപ്പോഴും മുടങ്ങും. സംശയ നിവാരണത്തിനും ഒരാവർത്തി കാണാനും ടി.വിയിൽ ഓപ്ഷൻ ഇല്ലത്തതും കുട്ടികൾക്ക് പ്രയാസം തന്നെ. ഇവിടങ്ങളിൽ കൂടുതലും സർക്കാർ സ്‌കൂളിൽ പഠിക്കുന്നവരാണ്. താഴ്ന്ന വരുമാനക്കാരുടെ മക്കൾക്കാണ് ഇക്കാര്യത്തിൽ ഏറെ പ്രയാസം നേരിടുന്നത്. ലോക്ക്ഡൗണും കൊവിഡ് രോഗ വ്യാപനനിയന്ത്രണവും എന്ന് അവസാനിക്കുമെന്ന് അറിയാതിരിക്കെ നെറ്റ് വർക്ക് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നു.