പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പഴയങ്ങാടി പുഴയോരത്ത് കോടികൾ മുടക്കി നിർമ്മിച്ച ബോട്ട് ജെട്ടിയിൽ ബോട്ടുകൾ കയറുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇവിടെയെത്താൻ ബോട്ടുകൾ മടിക്കുകയാണ്. വേലിയേറ്റ സമയങ്ങളിൽ പഴയങ്ങാടി പാലം കടന്ന് വരാൻ കഴിയാത്തതാണ് പ്രശ്നം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പഴയങ്ങാടി പുഴയിൽ ആധുനിക ബോട്ട് ടെർമിനൽ നിർമ്മിച്ചത്. 3 കോടി രൂപ ചെലവിലായിരുന്നു നിർമ്മാണം. 100 മീറ്റർ നീളത്തിൽ നിർമ്മിച്ച ബോട്ട് ജെട്ടി, 40 മീറ്ററിൽ നടപാത, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യമടക്കം സോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് പ്രവർത്തിക്ക് ചുക്കാൻ പിടിച്ചത്. അനാഥമായി തുരുമ്പെടുത്ത് നശിക്കുന്ന ജെട്ടിയിൽ ബോട്ടുകൾ എന്ന് കയറുമെന്നാണ് നാട്ടുകാരുടെ ചോദ്യം.