വിതുര: വാർഡിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വിരൽത്തുമ്പിലെത്തിച്ച് പൊതുജനങ്ങളെ സഹായിക്കുന്നതിനായുള്ള ആപ്പുമായി പഞ്ചായത്തംഗം. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തച്ചൻകോട് വാർഡിനെ പ്രതിനിധികരിക്കുന്ന തച്ചൻകോട് വേണുഗോപാലാണ് വാർഡിലെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് ആപ്പ് തയ്യാറാക്കുന്നത്. വാർഡിലുള്ള വീടുകൾ, അംഗങ്ങളുടെ പേര്, വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.
ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി, ചികിത്സാ വിവരങ്ങൾ എന്നിവയ്ക്കൊപ്പം കൊവിഡ് ബാധിതരുടെ വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്താനാണ് പദ്ധതി. ഒപ്പം വാക്സിൻ വിതരണത്തിനുള്ള മോണിറ്ററിംഗ് സംവിധാനമുൾപ്പടെയുള്ള സൗകര്യങ്ങളും ഇതിലൂടെ ഒരുക്കും. വാർഡ് തല കമ്മിറ്റികൾ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയുടെ വിവരങ്ങൾ ആപ്പിലൂടെ അറിയാനാകും. പെൻഷനുകൾ വാങ്ങുന്നവരുടെ വിവരങ്ങൾക്കൊപ്പം അർഹതയുള്ളവരെ കണ്ടെത്തുന്നതിനുമുള്ള സംവിധാനവും ആപ്പിലുണ്ടാകും.
അടുത്തമാസം ആപ്പ് പ്രവർത്തനക്ഷമമാകുമെന്ന് വേണുഗോപാൽ പറഞ്ഞു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റായ വേണുഗോപാലൻ നായർ തച്ചൻകോട് വാർഡിൽ നിന്നാണ് വിജയിച്ചത്. തൊളിക്കോട് പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗമാണ്. വിതുര ഹൈറേഞ്ച് പ്രസ് ക്ലബ് ട്രഷറർ കൂടിയാണ് തച്ചൻകോട് വേണുഗോപാൽ.