ചിറയിൻകീഴ്: കോൺഗ്രസ് - യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ ഹാർബർ അസിസ്റ്റന്റ് എൻജിനിയർ കാര്യാലയം ഉപരോധിച്ചു. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്ത് അപകടത്തിൽ പെട്ട് കാണാതായ മര്യനാട് സ്വദേശി ക്രിസ്ത്യൻ രാജിനെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താത്തതിലുള്ള അധികൃതരുടെ ഭാഗത്ത് നിന്നുള്ള അവഗണയിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഹാർബർ അസിസ്റ്റന്റ് എൻജിനിയർ കാര്യാലയം ഉപരോധിച്ചത്. ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 6 മാസത്തിനുള്ളിൽ പൊഴിക്കരയിൽ മാത്രം 6 പേർ മരിച്ചു. രണ്ടു പേരെ ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. തെരച്ചിൽ നടത്തുന്നതിൽ വൻ അനാസ്ഥയാണ് ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഷജിൻ സകീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് നിക്കോളാസ്, രജനി, യൂത്ത് കോൺഗ്രസ് നേതാക്കളായ സജിൻ, ഷാജി, അൽ അമീൻ, ഇർഷാദ്, ഐ.എൻ.ടി.യു.സി കൺവീനർ തൗഫി, ജോൺസൺ, ലാലു, സുനിൽ, സനോഫർ എന്നിവർ പങ്കെടുത്തു.