suresh-remesh

കല്ലമ്പലം: 108 പവൻ സ്വർണ്ണക്കട്ടിയുമായി കല്ലമ്പലത്ത് നിന്ന് മുങ്ങിയ ജുവലറി ജീവനക്കാർ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ നെല്ലിയാംകുന്ന് ഹൗസിൽ സുരേഷ് (37), ആലത്തൂർ വാനൂർ മുരുക്കുംപള്ളം ഹൗസിൽ രമേശ് (37) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കല്ലമ്പലം ജാഗി ജുവലറിയിലെ ഗോൾഡ്‌ സ്മിത്ത് ജീവനക്കാരായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 14ന് ഡൈ ചെയ്ത് കൊണ്ടുവരാനായി 108 പവനോളം വരുന്ന സ്വർണ്ണക്കട്ടികളാണ് ഇവരെ ഏൽപ്പിച്ചത്. എന്നാൽ ഇവർ തിരിച്ചുവരാതെ സ്വർണ്ണവുമായി മുങ്ങുകയായിരുന്നു. പലതവണ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ ജുവലറി അധികൃതർ കല്ലമ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സ്വർണ്ണക്കട്ടികൾ പല കഷണങ്ങളാക്കി പല സ്ഥലങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ഒന്നാം പ്രതിയായ സുരേഷിന്റെ ഭാര്യവീടായ നെയ്യാറ്റിൻകര പെരിങ്കടവിള മലയിക്കട പ്ലാങ്കാലവിള കിഴക്കേത്തട്ട് പുത്തൻവീട്ടിലും അവിടെയുള്ള സുഹൃത്തുക്കളുടെ വീടുകളിലും ബാക്കി പാലക്കാട്ടുള്ള പ്രതികളുടെ വീടുകളിലുമാണ് സൂക്ഷിച്ചിരുന്നത്.

പൊലീസ് പല സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ പ്രതികൾ പോണ്ടിച്ചേരിയിലും ചെന്നൈയിലുമായി ലോഡ്ജുകളിൽ താമസിക്കുകയാണെന്ന് മനസിലാക്കി പൊലീസ് എത്തിയപ്പോഴേക്കും വിവരം മണത്തറിഞ്ഞ പ്രതികൾ കോയമ്പത്തൂർ വഴി പാലക്കാട്ടേക്ക് കടന്നുകളഞ്ഞു. പിന്നാലെയെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ സ്വർണ്ണക്കട്ടികളിൽ ഒരു ഭാഗം കോയമ്പത്തൂരിലുള്ള സ്വർണ്ണക്കടയിൽ വിൽക്കുകയും ആ പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയുമായിരുന്നെന്ന് മനസിലായി. ബാക്കിയുള്ള പണവും പകുതിയോളം സ്വർണ്ണക്കട്ടികളും കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനുരാജ്.ജി.പി, സബ് ഇൻസ്പെക്ടർ രഞ്ചു.ആർ.എസ്, ഗ്രേഡ് എസ്.ഐ ജയൻ, എസ്.സി.പി.ഒമാരായ ഹരിമോൻ, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.